കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കാത്ത് ലാബ് അടച്ചതില്‍ പ്രതിഷേധം ശക്തം. ചികിത്സക്കായി എത്തുന്നവരെ ആശുപത്രി അധികൃതര്‍ മടക്കി അയക്കുന്നതിനാല്‍ രോഗികള്‍ ദുരിതത്താല്‍ വലയുകയാണ്. ആവശ്യത്തിന് സ്റ്റെന്റ്റില്ലാത്തതിനാല് മരുന്ന് വിതരണം പൂര്‍ണ്ണമായും നിലച്ച അവസ്ഥയാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
മെഡിക്കല്‍ കോളേജില്‍ ഹൃദ്രോഗ ചികിത്സയ്ക്കടക്കമുള്ള മരുന്ന് വിതരണം നിര്‍ത്തിയിട്ട് ഒരാഴ്ച്ചയായി. തുടര്‍ന്ന് കാത്ത് ലാബ് കഴിഞ്ഞ ദിവസം അടച്ചു പൂട്ടുകയും ചെയ്തു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇത് വരെ ഒരു ഇടപ്പെടലും ഉണ്ടായിട്ടില്ല. 20 ഓളം രോഗികളുടെ ശസ്ത്രക്രിയകളാണ് ഒരാഴ്ച്ചക്കിടെ മാറ്റിവെച്ചത്. മരുന്ന് വിതരണം നിലച്ചു രോഗികള്‍ ദുരിതത്താല്‍ വലഞ്ഞതോടെയാണ് പ്രതിഷേധം ഉയര്‍ന്നത്. ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കേളേജ് സൂപ്രണ്ട് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് മെഡിക്കല്‍ കോളേജ് കവാടത്തില്‍ വെച്ച് പോലീസ് തടഞ്ഞു .
ഹൃദ്രോഗ ചികിത്സയുടെ ഭാഗമായി ആന്‍ജിയോപ്ലാസ്റ്റി ചെയ്യാന്‍ പാവപ്പെട്ട രോഗികള്‍ക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ഇതിനുള്ള ചെലവാകട്ടെ സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലും അധികമാണ്. സ്റ്റെന്റ് കമ്പനികള്‍ക്ക് കുടിശ്ശിക വരുത്തിയതിനാലാണ് മരുന്ന് വിതരണം നിലച്ചത്. 50 കോടി രൂപയാണ് സര്‍ക്കാര്‍ മരുന്ന് കമ്പനികള്‍ക്ക് നല്കാന് ഉള്ളത്.