ന്യൂഡല്‍ഹി: രാജസ്ഥാന് ബിജെപി പ്രസിഡന്റും രാജ്യസഭാ എംപിയുമായ മദന്‍ലാല്‍ സെയ്നി അന്തരിച്ചു. ഓള് ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലായിരുന്നു അന്ത്യം. പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയില്‍ എത്തിയ അദ്ദേഹം കഴിഞ്ഞ 3 ദിവസമായി ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
ബിജെപി കുടുംബത്തിന് സംഭവിച്ച ഏറ്റവും വലിയ നഷ്ടമാണ് മദന്‍ലാല്‍ സെയ്നിയുടെ നിര്യാണമെന്നും തന്റെ പ്രാര്‍ത്ഥനകളും ചിന്തകളും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പമാണെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
മദന്‍ലാല്‍ സെയ്നിയുടെ നിര്യാണത്തില്‍ ദു:ഖിതനാണെന്നും എംപി, എംഎല്‍എ, സംസ്ഥാന ബിജെപി പ്രസിഡന്റ് എന്നീ നിലകളില്‍ അദ്ദേഹം വിഭജനമില്ലാത്ത സേവനം അനുഷ്ഠിച്ചുവെന്നും ഉപരാഷ്ട്രപതി വെങ്കയ്യനായിഡു ട്വീറ്റ് ചെയ്തു.
രാജസ്ഥാനില്‍ ബിജെപിയെ ശക്തമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച നേതാവാണ് മദന്‍ ലാല്‍ സെയ്നിയെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അനുസ്മരിച്ചു. മദന്‍ ലാല്‍ സെയ്നിയുടെ നിര്യാണത്തില്‍ പ്രസിഡന്റ് രാം നാഥ് കോവിന്ദ്, രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.