ഷാർജ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന റെഡ് ബെൽറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കുങ്ഫു- തൈക്കോണ്ടോ മത്സരത്തിൽ എമിറാത്തി പെൺകുട്ടികൾ ആയ സുരയ്യ ശിഹാബ് ഗർഗാഷ് (18), ഫെയ് ശിഹാബ് ഗർഗാഷ് എന്നിവർ ബ്ലാക് ബെൽറ്റ് കരസ്ഥമാക്കി. ക്ലബ്ബിലെ പ്രധാന പരിശീലകരായ ഷിഫു മുജീബ് ഷിഫു ഷൗക്കത്ത് എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി. ഷാവോലിൻ കുങ്ഫു വിഭാഗത്തിൽ ആദ്യമായി ബ്ലാക്ക് ബെൽറ്റ് നേടുന്ന ഇമറാത്തി പെൺകുട്ടികളാണ് ഇവർ. യുഎഇയിലെ മുതിർന്ന തൈക്കോണ്ടോ വിദഗ്ധനും, ഷാർജ പോലീസിലെ ഉന്നത ഉദ്യോഗസ്ഥനുമായ മുഹമ്മദ് ഹാഷി അൽ സാഫി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. എമിറാത്തി പെൺകുട്ടികൾക്ക് പുറമെ ബംഗ്ലാദേശിൽ നിന്നുള്ള അഫ്ര ഉമ്മർ (14), മർവ ഉമ്മർ(17) എന്നിവരും വിവിധ മത്സരങ്ങളിൽ ജേതാക്കളായി. 25 വർഷത്തോളമായി ആയോധന പരിശീലന മേഖലയിൽ പ്രവർത്തിക്കുന്ന റെഡ് ബെൽറ്റ് കരാട്ടെ ക്ലബ്ബിന്റെ കീഴിൽ പത്തിലേറെ രാജ്യങ്ങളിൽനിന്നുള്ള പതിനായിരക്കണക്കിന് വിദ്യാർഥികൾ പരിശീലനം നേടിയിട്ടുണ്ട്.