അബുദാബി കേരള സോഷ്യൽ സെന്റർ മലയാളം മിഷനുമായി സഹകരിച്ചുകൊണ്ട് വായനദിന- വാരാചരണത്തിന്റെ ഭാഗമായി ” അ..ആ..ഇ..ഈ ” എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി മേന്മ കൊണ്ടും പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. പരിപാടിയുടെ ഭാഗമായി വായന മത്സരം, കയ്യെഴുത്ത് മത്സരം , കവിതാലാപനമത്സരം തുടങ്ങിയവ സംഘടിപ്പിച്ചു . 6 വയസ്സ് മുതൽ 10 വയസ്സുവരെ , 11 വയസ്സ് മുതൽ 15 വയസ്സുവരെ എന്നീ വിഭാഗങ്ങളിലായിട്ടാണ് മത്സരം സംഘടിപ്പിച്ചത്. നൂറോളം കുട്ടികൾ മത്സരങ്ങളിൽ പങ്കെടുത്തു. ലൈബ്രറി സന്ദർശനം, പുസ്തകച്ചങ്ങാത്തം, വായനയുടെ പ്രാധാന്യം എന്ന വിഷയത്തിൽ ഹ്രസ്വ പ്രഭാഷണം തുടങ്ങിയവയും ഉണ്ടായിരുന്നു. എൻ. എം. സി. ഹെൽത്ത്കെയർ സി. ഇ. ഒ പ്രശാന്ത് മങ്ങാട് പരിപാടി ഉത്ഘാടനം ചെയ്തു. കേരള സോഷ്യൽ സെന്റർ പ്രസിഡണ്ട് എ. കെ ബീരാൻ കുട്ടി അധ്യക്ഷത വഹിച്ചു.
യു എ ഇ എക്സ്ചേഞ്ച് ഇവന്റ് ചീഫ് വിനോദ് നമ്പ്യാർ , മലയാളം മിഷൻ യു.എ ഇ തല കോഡിനേറ്റർ കെ. എൽ . ഗോപി , മലയാളം മിഷൻ അബുദാബി കോഡിനേറ്റർ സഫറുള്ള പാലപ്പെട്ടി , സെന്റർ വനിതാ വിഭാഗം കൺവീനർ ഷൈനി ബാലചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ലൈബ്രെറിയൻ കെ. കെ ശ്രീവത്സൻ സ്വാഗതവും സാഹിത്യ വിഭാഗം സെക്രെട്ടറി അബ്ദുൽ ഗഫൂർ നന്ദിയും പറഞ്ഞു. സെന്റർ വൈസ് കാപ്റ്റൻ നൗഷാദ്, ബിന്ദു ഷോബി, ജിനി സുജിൽ , തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു.