ന്യൂ ഡല്‍ഹി: ഇന്ത്യയിലെ പാവപ്പെട്ടവരുടെ ഉന്നമനമാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ ഡിജിറ്റല്‍ ഇന്ത്യയുടെ നാലാം വാര്‍ഷികത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഡിജിറ്റല്‍ ഇന്ത്യയുടെ വരവോടെ രാജ്യത്തെ അഴിമതി വലിയതോതില്‍ കുറക്കാനായെന്നും ജനസേവന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുഗമമായന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
‘നാല് വര്‍ഷം മുന്‍പാണ് സാങ്കേതിക വിദ്യ കൂടുതല്‍ എളുപ്പത്തില്‍ ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെ ഡിജിറ്റല്‍ ഇന്ത്യ പ്രവര്‍ത്തനമാരംഭിക്കുന്നത്. ഇത് ഇന്ത്യയിലെ ജനങ്ങളുടെ ശാക്തീകരണത്തില്‍ സുപ്രധാനമായ പങ്കാണ് വഹിക്കുന്നത്. അഴിമതി വലിയ തോതില്‍ കുറക്കാനും ഡിജിറ്റില്‍ ഇന്ത്യക്ക് കഴിഞ്ഞു’. മോദി ട്വിറ്ററില്‍ കുറിച്ചു.
ജനങ്ങളുടെ മുന്നേറ്റമാണ് ഡിജിറ്റല്‍ ഇന്ത്യ ആരംഭിക്കാനുള്ള പ്രധാന കാരണമെന്നും പുതിയ കാര്യങ്ങള്‍ അറിയാനും കണ്ടുപിടിക്കാനുമുള്ള അവരുടെ അടങ്ങാത്ത ആഗ്രഹമാണ് പദ്ധതിയുടെ വിജയമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡിജിറ്റല്‍ ഇന്ത്യയുടെ വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാവര്ക്കും അദ്ദേഹം നന്ദി പറഞ്ഞു.
2015 ജൂലൈ 1-നാണ് ഡിജിറ്റല്‍ ഇന്ത്യ പ്രവര്‍ത്തനം ആരംഭിച്ചത്.