അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യത്യസ്ത മതക്കാർക്ക് പ്രാർത്ഥനാ കേന്ദ്രമൊരുക്കി. യാത്രക്കാർക്ക് ശാന്തമായിരുന്ന് പ്രാർത്ഥനകളിൽ ഏർപ്പെടാനുള്ള സൗകര്യമാണ് പ്രധാന എയർപോർട്ടിൽ നിന്നും അൽപം മാറി പ്രവർത്തനം കുറിച്ച ഈ കേന്ദ്രത്തിലുള്ളത്. പ്രാർത്ഥനാ കേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങിൽ അബുദാബി എയർപോർട്ട് ചെയർമാൻ ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തനൂൻ അൽ നഹ്യാൻ, സി.ഇ.ഒ ബ്രയാൻ തോംസൺ, സാമൂഹ്യ വികസന വകുപ്പ് ചെയർമാൻ ഡോ: മുഗീർ ഖാമിസ് അൽ ഖൈലി എന്നിവർ പങ്കെടുത്തു. അബുദാബിയിൽ സന്ദർശനത്തിനെത്തുന്നവർക്കും ട്രാൻസിറ്റ് ഇറങ്ങുന്നവർക്കും യാത്രക്കാർക്കുമെല്ലാം പ്രാർത്ഥനാ സൗകര്യ ലഭ്യമാക്കുക എന്ന സാമൂഹ്യ വികസന വകുപ്പിന്റെ കാഴ്ച്ചപ്പാടാണ് പുതിയ കേന്ദ്രത്തിന് പിറകിൽ. സഹിഷ്ണുതയുടെയും സമാധാനത്തിന്റെയും സഹവർത്തിത്വത്തിന്റെയും കേന്ദ്രമായി യു.എ.ഇയിയെ മാറ്റുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണിതെന്ന് മുഗീർ ഖാമിസ് അൽ ഖൈലി പറഞ്ഞു.