ന്യൂ ഡല്‍ഹി: രാജ്യത്ത് കൂടുതല്‍ ക്യാന്‍സര്‍ സെന്ററുകള്‍ സ്ഥാപിക്കാനുള്ള നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. ഇതിനായി എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ക്യാന്‍സര്‍ സെന്ററുകള്‍ എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ ”Strengthening of Tertiary Care Cancer Facilities Scheme” എന്ന പദ്ധതി നടപ്പിലാക്കി വരികയാണ്.
നേരത്തെ, നാഷണല്‍ ക്യാന്‍സര്‍ കണ്ട്രോള് പ്രോഗ്രാമിനു കീഴില്‍ 27 പ്രാദേശിക ക്യാന്‍സര്‍ സെന്ററുകള്‍ സ്ഥാപിച്ചിരുന്നു. പ്രധാനമന്ത്രി സ്വസ്ഥ്യ സുരക്ഷ യോജനയുടെ കീഴില്‍ പുതിയ എയിംസുകളും മറ്റ് ആധുനിക സ്ഥാപനങ്ങളും പ്രവര്‍ത്തനം ആരംഭിച്ചുകൊണ്ടിരിക്കുകയാണ്. നിലവിലുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 16 സംസ്ഥാന ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, 20 Tertiary Care Cancer Centers (ടിസിസിസി) എന്നിവക്ക് കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്.
ഹരിയാനയിലെ ജാഝര്‍, ചിത്തരഞ്ജന് നാഷണല്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ ക്യാന്‍സര്‍ സെന്ററുകള്‍ ആരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്കി. ഇത് രാജ്യത്തെ ക്യാന്‍സര്‍ പ്രതിരോധ ചികിത്സകള്‍ക്ക് കൂടുതല്‍ ശക്തി പകരുന്നതാണ്.
സംസ്ഥാനങ്ങളില്‍ പദ്ധതി നടപ്പാക്കുന്നതില്‍ 60 ശതമാനം ചെലവ് വഹിക്കുന്നത് കേന്ദ്രസര്‍ക്കാരാണ്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ 90 ശതമാനവും കേന്ദ്രഭരണ പ്രദേശങ്ങളില്‍ 100 ശതമാനവും ചെലവു വഹിക്കുന്നത് കേന്ദ്രം തന്നെ.