ഷാർജ ഭരണാധികാരിയും യുഎഇ സുപ്രീം കൗൺസിൽ അംഗവുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ ഇളയ മകൻ ഷെയ്ഖ് ഖാലിദ് ബിൻ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ കബറടക്കം ബുധനാഴ്ച രാവിലെ ഷാർജ ജുബൈലിൽ നടന്നു. ആയിരക്കണക്കിന് ആളുകളാണ് ഷാർജയുടെയും മറ്റു എമിറേറ്റുകളുടെയും വിവിധ ഭാഗങ്ങളിൽ നിന്ന് സംസ്ക്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയത്.അജ്മാൻ, ഉമ്മുൽഖൈയ്ൻ, റാസൽഖൈമ തുടങ്ങിയ എമിറേറ്റുകളുടെ ഭരണാധികാരികൾ, രാജകുടുംബത്തിലെ അംഗങ്ങൾ, സുഹൃത്തുക്കൾ, ബന്ധുക്കൾ, സാധാരണ ജനങ്ങൾ തുടങ്ങിയവർ കിങ് ഫൈസൽ പള്ളിയിൽ നടന്ന പ്രാർഥനയിൽ പങ്കെടുത്തു.
തിങ്കളാഴ്ച ലണ്ടനിൽ വെച്ചാണ് മുപ്പത്തിയൊൻപതുവയസുകാരനായ ഷാർജ രാജകുമാരൻ അന്തരിച്ചത്. രാജകുമാരന്റെ മരണത്തെ തുടർന്ന് യുഎഇയിൽ മൂന്നു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം നടക്കുകയാണ് . ഷാർജ നഗരാസൂത്രണ സമിതി ചെയർമാനായിരുന്നു ഷെയ്ഖ് ഖാലിദ്.കൂടാതെ ലണ്ടനിലെ അറിയപ്പെടുന്ന ഫാഷൻ ഡിസൈനറായിരുന്നു. സ്കൂൾ വിദ്യാഭ്യാസകാലം മുതൽ ലണ്ടനിൽ ജീവിച്ചുവന്ന അദ്ദേഹം ഖാസിമി എന്ന ബ്രാൻഡിൽ ലണ്ടനിൽ ഏറെ പ്രശസ്തനുമായിരുന്നു