NewsQatar

വ്യാജഏജന്റ് ചതിച്ച മലയാളികളെ പുനര്‍ജനി ഇടപെട്ട് നാട്ടിലെത്തിച്ചു

തൊഴില്‍ തട്ടിപ്പിനിരയായി ഖത്തറില്‍ കുടുങ്ങിയ മൂന്നു മലയാളികള്‍ സന്നദ്ധ സംഘടനയായ പുനര്‍ജനിയുടെ ഇടപെടലില്‍ നാട്ടില്‍ തിരിച്ചെത്തി. ചെങ്ങന്നൂര്‍ സ്വദേശിയായ ഗോപകുമാര്‍, തിരുവനന്തപുരം സ്വദേശികളായ ആല്‍ബര്‍ട്ട്, വേണു എന്നിവരാണ് രണ്ടുമാസത്തെ ദുരിതജീവിതത്തിന് ഒടുവില്‍ പുനര്‍ജനിയുടെ ഇടപെടലില്‍ നാടണഞ്ഞത്. തിരുവനന്തപുരം സ്വദേശിയായ ഏജന്റ് മോഹന്‍ദാസ് ആണ് രണ്ടുമാസം മുമ്പ് ഇവര്‍ ഉള്‍പ്പെടെ 7 പേരെ ഖത്തറില്‍ എത്തിച്ചത്. ലക്ഷങ്ങള്‍ സര്‍വീസ് ഫീസ് ആയി ഈടാക്കിയാണ് മോഹന്‍ദാസ് ഏഴു പേരേയും ഖത്തറിലേക്ക് അയച്ചത്. മികച്ച ശമ്പളവും മെച്ചപ്പെട്ട ജോലിയും വാഗ്ദാനം ചെയ്ത്  മോഹന്‍ദാസ് വന്‍തുക ഈടാക്കുകയും ചെയ്തു. ദോഹയില്‍ എത്തിയാലുടന്‍ വിജയന്‍ എന്നയാള്‍ ആവശ്യമായ സഹായം ലഭ്യമാക്കുമെന്നും മോഹന്‍ദാസ് ഇവരെ അറിയിച്ചിരുന്നു.
ദോഹയില്‍ എത്തിയ 7 പേര്‍ക്കും ലഭിച്ചത് തൊഴില്‍ കരാറില്‍ പറയുന്ന ജോലി ആയിരുന്നില്ല.വാഗ്ദാനം ചെയ്ത ജോലിയും വേതനവും ആവശ്യപ്പെട്ട് ഇവര്‍ വിജയനെ സമീപിച്ചെങ്കിലും അയാള്‍ കൈയൊഴിഞ്ഞു.

ചതിക്കപ്പെട്ട ഇവര്‍, റമസാന്‍ ടെന്റുകളില്‍ നോമ്പുതുറയ്ക്കു വിതരണം ചെയ്യുന്ന ഭക്ഷണപ്പൊതി കഴിച്ചാണ് ആദ്യനാളുകളില്‍  ജീവന്‍ നിലനിര്‍ത്തിയത്. തലചായ്ക്കാന്‍  ഇടംകിട്ടാതെ വലഞ്ഞ ഇവര്‍ക്ക്  താമസ സൗകര്യം ഒരുക്കിക്കൊടുത്തത് പുനര്‍ജനിയാണ്. സംഘത്തിലെ മൂന്നു പേര്‍ സ്വന്തം ചെലവില്‍ ആദ്യമേ നാട്ടിലേക്ക് പോയി. കൊല്ലം സ്വദേശിയായ സന്തോഷിനെ കഴിഞ്ഞമാസം പുനര്‍ജനി പ്രവര്‍ത്തകര്‍ നാട്ടിലേക്ക് കയറ്റി വിട്ടു.

അവശേഷിച്ച മൂന്നു പേരും പുനര്‍ജനി പ്രവര്‍ത്തകരുടെ സംരക്ഷണയില്‍ ദോഹയില്‍ തുടരുകയായിരുന്നു. ഇന്ത്യന്‍ എംബസിയുടേയും ഇന്ത്യന്‍ കമ്മ്യുണിറ്റി ബെനവൊലന്റ് ഫോറത്തിന്റെയും(ഐസിബിഎഫ്) സഹായത്തോടെ പുനര്‍ജനി പ്രവര്‍ത്തകര്‍ ഇവരുടെ യാത്രാരേഖകളും ടിക്കറ്റും ശരിയാക്കി ഞായര്‍(7) രാത്രി 8ന് മുംബൈയിലേക്ക് കയറ്റി വിട്ടു. മുംബൈയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗമാണ് ഇവര്‍ നാട്ടിലേക്കു പോയത്.ഖത്തറില്‍ നിന്ന് ഇവര്‍ നാട്ടിലേക്ക് തിരിക്കുംമുമ്പേ ഇവരുടെ ബന്ധുക്കള്‍ സംസ്ഥാന പൊലീസില്‍  മോഹന്‍ദാസിന് എതിരെ പരാതി നല്‍കിയിരുന്നു.

മോഹന്‍ദാസ് മുമ്പും  ഇതുപോലെ ആളുകളെ ചതിവില്‍ പെടുത്തിയിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.  ഇടനിലക്കാര്‍ പറയുന്ന സ്ഥാപനങ്ങള്‍ക്ക് ഖത്തറിലേക്ക് റിക്രൂട്മെന്റിന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അംഗീകാരമുണ്ടെന്ന് ഉറപ്പുവരുത്തിയേ പണം നല്‍കാവൂ. എങ്കില്‍ മാത്രമേ ഖത്തറില്‍ എത്തി ചതിവില്‍പെടുന്ന ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ കഴിയൂ.

 

7 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close