ന്യൂയോര്‍ക്ക്: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ യുഎന്‍ രക്ഷാ സമിതി ശ്രദ്ധിക്കണമെന്ന് ഇന്ത്യ. ‘സുരക്ഷിത’ താവളത്തിലിരുന്നാണ് ദാവൂദ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് പാകിസ്ഥാനെ പേരെടുത്ത് പറയാതെ ഇന്ത്യ വിമര്‍ശിച്ചു.
ലഹരി മരുന്ന് കടത്തല്‍, മനുഷ്യക്കടത്ത്, ആയുധക്കച്ചവടം എന്നിങ്ങനെയുള്ള നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനി ഏര്‍പ്പെടുന്നതായി ഇന്ത്യ ചൂണ്ടിക്കാട്ടി. സുരക്ഷിത താവളത്തിലിരുന്നാണ് ദാവൂദ് ഇത്തരം നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും എന്നാല്‍ അതൊന്നും അംഗീകരിക്കാന്‍ അവര്‍ തയ്യാറല്ലെന്നും യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയ്യിദ് അക്ബറുദ്ദീന്‍ വ്യക്തമാക്കി.
ദാവൂദ് ഇബ്രാഹിം പാകിസ്ഥാനിലുണ്ടെന്ന ഇന്ത്യന്‍ വാദം ശക്തപ്പെടുത്തി കൂടുതല്‍ തെളിവുകള്‍ അടുത്തിടെ പുറത്തു വന്നിരുന്നു. ദാവൂദും ഒപ്പം ഡി കമ്പനിയുടെ അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങളുടെ തലവനായ ജാബിറും ഒരുമിച്ചുളള ചിത്രങ്ങള്‍ രഹസ്യാന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു.
ദാവൂദിന്റെ ഭാര്യ മെഹ്ജബിനുമായും മകന് മൊയ്ന്‍ നവാസുമായും ജാബിര്‍ അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട്. കറാച്ചിയില്‍ ദാവൂദിന്റെ ക്ലിഫ്ടണ്‍ വീടിനു തൊട്ടടുത്താണു ജാബിറും താമസിക്കുന്നതെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം.
പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്.ഐയും ഡി കമ്പനിയും തമ്മില്‍ ബന്ധമുണ്ടെന്നും സൂചനയുണ്ട്.