ന്യൂഡല്‍ഹി: സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരായ ഇന്ദിരാ ജയ്സിംഗിന്റേയും ആനന്ദ് ഗ്രോവറിന്റേയും വസതികളില്‍ സിബിഐ റെയ്ഡ് നടത്തി. ഇരുവരും ചേര്‍ന്ന് സ്ഥാപിച്ച സര്‍ക്കാര്‍ ഇതര സംഘടനയായ ലോയേഴ്സ് കളക്ടീവ് വിദേശ സംഭാവന നിയന്ത്രണ നിയമം(ഫോറിന് കോണ്ട്രിബ്യൂഷന് റെഗുലേഷന് ആക്ട്) ലംഘിച്ചെന്നാരോപിച്ച് സിബിഐ കേസെടുത്തിരുന്നു. ഈ കേസിന്റെ അടിസ്ഥാനത്തിലാണ് സിബിഐ ഇരുവരുടേയും വസതികളില്‍ റെയ്ഡ് നടത്തിയത്.
നേരത്തെ, വിദേശ സംഭാവനകള്‍ ഇതര വഴിക്കു ചെലവഴിച്ചെന്നാണ് ലോയേഴ്സ് കളക്ടീവിനെതിരെ ഉയര്‍ന്നിരുന്ന ആരോപണം. ധര്‍ണ്ണകള്‍ക്കും എംപിമാര്‍ക്ക് വക്കാലത്ത് നടത്താനും വിദേശ ഫണ്ടില്‍ നിന്നും പണം ചെലവഴിച്ചെന്നും ഇന്ദിര ജയ്സിംഗിന്റെയും ആനന്ദ് ഗ്രോവറിന്റേയും വിമാന യാത്രാക്കൂലിയും ലോയേഴ്സ് കളക്ടീവിനു ലഭിച്ച ഫണ്ടില്‍ നിന്ന് ചെലവഴിച്ചെന്നുമാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്.
നേരത്തേ, ലോയേഴ്സ് കളക്ടീവ് ഫോറിന് കോണ്ട്രിബ്യൂഷന് റെഗുലേഷന് ആക്ടിന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. 2006 മുതല്‍ 2015 വരെയുള്ള കാലത്ത് 32 കോടി രൂപയാണ് സംഘടനയുടെ വരുമാനം. തുടര്‍ന്ന് 2016-ല്‍ ആഭ്യന്തര മന്ത്രാലയം ലോയേഴ്സ് കളക്ടീവിന്റെ ഓഫീസിലെത്തി പരിശോധന നടത്തുകയും സംഘടനയുടെ വിശദീകരണം തൃപ്തികരമല്ലാത്തതിനാല്‍ രജിസ്ട്രേഷന് റദ്ദാക്കുകയും ചെയ്തിരുന്നു.