Kerala

കൊല്ലത്ത് രണ്ട് കുട്ടികള്‍ക്ക് ഡിഫ്തീരിയ സ്ഥിരീകരിച്ചു

കൊല്ലം: കൊല്ലത്ത് രണ്ട് കുട്ടികള്‍ക്ക് ഡിഫ്തീരിയ സ്ഥിരീകരിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഓച്ചിറയിലെ അറബിക് കോളേജില്‍ പഠിക്കുന്ന രണ്ട് കുട്ടികള്‍ക്കാണ് ഡിഫ്തീരിയ സ്ഥിരീകരിച്ചിരിക്കുന്നത്. ഡിഫ്തീരിയയ്ക്കുള്ള പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാത്തവര്‍ക്കാണ് രോഗം പിടിപെട്ടത്.

രണ്ട് കുട്ടികള്‍ക്ക് ഡിഫ്തീരിയ സ്ഥിരീകരിച്ചതോടെ ഇവര്‍ക്കൊപ്പം ഹോസ്റ്റലില്‍ ഉണ്ടായിരുന്ന കുട്ടികള്‍ക്കും അധ്യാപകര്‍ക്കും പ്രതിരോധ മരുന്ന് നല്‍കി. രോഗ ലക്ഷണം കണ്ടെത്തിയ മൂന്ന് കുട്ടികളുടെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

തൊണ്ടയിലേയും മൂക്കിലേയും ശ്ലേഷ്മ ചര്‍മ്മത്തെ ബാധിക്കുന്ന രോഗമാണ് ഡിഫ്തീരിയ അഥവാ തൊണ്ടമുള്ള്. കോര്‍ണി ബാക്ടീരിയം ഡിഫ്തീരിയ എന്ന ബാക്ടീരിയയാണ് രോഗം പടര്‍ത്തുന്നത്. പനിയും തൊണ്ട വേദനയുമാണ് പ്രാഥമിക രോഗ ലക്ഷണങ്ങള്‍.

പനി, ശരീരവേദന, വിറയല്‍, തൊണ്ടയിലെ ലിംഫ് ഗ്രന്ഥികളുടെ വീക്കം, ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ് മുതലായവയോടൊപ്പം തന്നെ തൊണ്ടയില്‍ കാണുന്ന ചെളി നിറത്തിലുള്ള തുകല്‍ പോലെയുള്ള പാടയാണ് ഈ രോഗത്തിന്റെ ഏറ്റവും പ്രകടമായ ലക്ഷണങ്ങള്‍. രോഗബാധയുണ്ടായാല്‍ പത്ത് ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാകും.

ബാക്ടീരിയ ശരീരത്തിലെത്തിയാല്‍ മൂന്ന് ദിവസത്തിനുള്ളില്‍ തൊണ്ട വേദന തുടങ്ങും. പിന്നീട് ഇത് അതികഠിനമായ തൊണ്ടവേദനയായി മാറും. വെള്ളം കുടിക്കാനോ ഭക്ഷണം കഴിക്കാനോ കഴിയാത്ത അവസ്ഥയായി മാറും. തൊണ്ടയില്‍ ശക്തമായി പടരുന്ന പാട ശ്വസനത്തെ തടസപ്പെടുത്തി ശ്വാസമെടുക്കാന്‍ പ്രയാസമുണ്ടാക്കും.

ഡിഫ്തീരിയ ബാക്ടീരിയ ഉണ്ടാക്കുന്ന വിഷം സാവധാനത്തില്‍ ഹൃദയത്തെ ബാധിക്കാന്‍ തുടങ്ങും. വൈകാതെ ഹൃദയ പേശികള്‍ക്ക് വീക്കമുണ്ടായി ഹൃദയസ്തംഭനം വരെ സംഭവിക്കാം.

വളരെയധികം സാംക്രമിക ശേഷിയുള്ള ഒരു രോഗമാണെങ്കിലും സമയാസമയങ്ങളിലുള്ള പ്രതിരോധ കുത്തിവയ്പ് കൊണ്ട് ഈ രോഗത്തെ തടയാന്‍ കഴിയും. കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന ഡിപിടി വാക്സിന്‍ ഡിഫ്തീരിയയെ തടയും. ചെറുപ്പത്തില്‍ പ്രതിരോധ കുത്തിവെയ്പ്പെടുത്താല്‍ ഡിഫ്തീരിയ തടയാം.

291 Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close