കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ നിന്നും വീണ്ടും ഫോണുകള്‍ പിടിച്ചെടുത്തു. ഒന്നാം ബ്ലോക്കില്‍ നടത്തിയ പരിശോധനയിലാണ് ഫോണ്‍ പിടികൂടിയത്. തുടര്‍ച്ചയായി നടന്ന് കൊണ്ടിരിക്കുന്ന റെയ്ഡില്‍ 54 ഫോണുകളാണ് ഇതുവരെ പിടിച്ചെടുത്തത്. ജയില്‍ പരിസരത്ത് കുഴിച്ചിട്ട നിലയിലും കിണറ്റിലെറിഞ്ഞ നിലയിലുമായാണ് ഫോണുകള്‍ കണ്ടെത്തിയത്.
മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡുകള്‍, കഞ്ചാവ്, പുകയില ഉല്‍പ്പന്നങ്ങള്‍, റേഡിയോ, പവര്‍ബാങ്കുകള്‍, ഹെഡ്സെറ്റുകള്‍ എന്നിവയും റെയിഡില്‍ പിടികൂടിയിരുന്നു. ജയിലില്‍ ദിവസവും പരിശോധന നടത്തണമെന്ന ഡി.ജി.പി ഋഷിരാജിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നടത്തിയ പരിശോധനകളിലാണ് മൊബൈല്‍ ഫോണുകള്‍ പടികൂടിയത്.
സെല്ലില്‍ നിന്നും മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തതിന്റെ പശ്ചാത്തലത്തില്‍ ടിപി വധക്കേസ് പ്രതികളായ കൊടി സുനിയെയും ഷാഫിയെയും പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിരുന്നു. ടിപി വധക്കേസ് പ്രതിയായ ഷാഫിയില്‍ നിന്നും സിമ്മോടു കൂടിയ രണ്ട് ഫോണും കൊടി സുനിയില്‍ നിന്നും സിം ഇല്ലാത്ത ഒരു ഫോണുമാണ് പിടിച്ചെടുത്തത്.