ആലപ്പുഴ; തീരദേശവാസികളോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവഗണന തുടര്‍ക്കഥയാകുന്നു. സര്‍ക്കാര്‍ തീരം സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കാഞ്ഞതിനാല്‍ നിരന്തര കടല്‍ക്ഷോഭത്തില്‍ വീട് അപകടാവസ്ഥയിലായതോടെ ഗൃഹനാഥന് ആത്മഹത്യചെയ്തു. ആറാട്ടുപുഴ നല്ലാണിക്കല്‍ സ്വദേശി ജയസിംഗ് ആണ് ആത്മഹത്യ ചെയ്തത്.
പ്രദേശത്തെ പ്രതിനിധീകരിക്കുന്ന എം.എല്‍.എയായ രമേശ് ചെന്നിത്തലയെ റോഡില്‍ തടഞ്ഞുനിര്‍ത്തി ജയസിംഗ് ദുരവസ്ഥ ബോധ്യപെടുത്തിയിട്ടും ഒരു നടപടിയും ഉണ്ടായിരുന്നില്ലന്ന് സഹോദരി ജനം ടിവിയോട് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കടലാക്രമണത്തില്‍ വീടിനുള്ളില്‍ വരെ വെള്ളം കയറിയതോടെയാണ് മാനസികമായി തകര്‍ന്ന ജയസിംഗ് ആത്മഹത്യചെയ്തതെന്ന് ബന്ധുക്കളും പറയുന്നു.
ജയസിംഗിന്റെ മരണത്തിന്റെ ഉത്തരവാദികളായ സര്‍ക്കാര്‍ കുടുംബത്തിന്റെ സംരക്ഷണം ഏറെറടുക്കണമെന്നാണ് നാട്ടുകരുടെ ആവശ്യം. സംസ്ഥാനം മാറി മാറി ഭരിച്ച സര്‍ക്കാരുകള്‍ തീര വാസികളോടു കാട്ടിയ അവഗണന ഇന്ന് നൂറുകണക്കിന് കുടുംബങ്ങളെ ഭവന രഹിതരാക്കിയിരിക്കുകയാണ്.
നിരന്തരമായുണ്ടാക്കുന്ന കടല്‍ക്ഷോഭത്തില്‍ വീട് തകരുമെന്ന അവസ്ഥ വന്നതോടെ ജയ സിംഗ് ആത്മഹത്യ ചെയ്തിട്ടും കടലോര വാസികളുടെ ദുരിതത്തിന് പരിഹാരം കാണാനോ ഈ വിഷയത്തില്‍ പ്രതികരിക്കാനോ പിണറായി സര്‍ക്കാരോ പ്രതിപക്ഷമോ തയാറുകുന്നില്ല. തീരസംരക്ഷണം ആവശ്യപ്പെട്ട് നാളെ ജയസിംഗിന്റെ മൃതദേഹവുമായി താലൂക്ക് ഓഫീസ് പടിക്കല്‍ സമരം ചെയ്യാനാണ് തീരവാസികളുടെ തീരുമാനം.