തിരുവനന്തപുരം: കേന്ദ്രീകൃത ലോക്ക് അപ്പ് സംവിധാനം സംസ്ഥാന വ്യാപകമായി നടപ്പാക്കണമെന്ന് ജസ്റ്റിസ് കമാല്‍ പാഷ. പൗരന്റെ ജീവിക്കാനുള്ള അവകാശം വെല്ലുവിളിക്കപ്പെടുകയാണെന്നും ഉരുട്ടിക്കൊല പോലുള്ള മനുഷ്യാവകാശ നിഷേധങ്ങള്‍ നിയന്ത്രിക്കാന്‍ ഈ സംവിധാനത്തിനാകുമെന്നും അദ്ദേഹം ജനം ടിവിയോട് പറഞ്ഞു.
2005 ലെ പോലീസ് പരിഷ്കരണ കമ്മീഷന് മുന്നോട് വെച്ച നിര്‍ദ്ദേശമാണ് കേന്ദ്രീകൃത ലോക്ക് അപ്പ് സംവിധാനം. ലോക്ക് അപ്പ് പീഡനം വന്‍ തോതില്‍ വര്‍ദ്ധിച്ച ഇന്നത്തെ സാഹചര്യത്തില്‍ ഇക്കാര്യം സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന കാര്യം ആലോചിക്കണമെന്നു കമാല്‍ പാഷ പറഞ്ഞു. കര്‍ശന നിരീക്ഷണത്തില്‍ ആയിരിക്കണം ഇനിയുള്ള കാലത്ത് ലോക് അപ്പ് പ്രവര്‍ത്തിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെയോ ഡിവൈഎസ്പിയുടെയോ നേരിട്ടുള്ള നിയന്ത്രണത്തില്‍ മാത്രം ലോക്ക് അപ്പുകള്‍ പരിമിതപ്പെടുത്തുന്ന സംവിധാനമാണ് കേന്ദ്രീകൃത ലോക്ക് അപ്പെന്നും ജനവാസം കുറഞ്ഞ മേഖലകളിലെ പോലീസ് സ്റ്റേഷനുകളില്‍ എന്ത് നടക്കുന്നു എന്ന് പോലും അറിയാനാവാത്ത സാഹചര്യത്തില്‍ പൗരന്റെ ജീവിക്കാനുള്ള അവകാശം വെല്ലുവിളിക്കപ്പെടുന്നതായും അദ്ദേഹം പറഞ്ഞു.
കരുണയുടെയും നന്മയുടെയും പാഠങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയ പരിശീലനമായിരിക്കണം പൊലീസിന് നല്‍കേണ്ടത്. മനുഷ്യാവകാശ ബോധ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന സേനയായി പോലീസ് പരിഷകരിക്കപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
2010ല്‍ കോട്ടയം ജില്ലയില്‍ ഇത്തരത്തിലുള്ള സംവിധാനം നടപ്പില്‍ വരുത്തിയിരുന്നു. എന്നാല്‍ തുടര്‍ നടപടികള്‍ പിന്നീട് ഉണ്ടായില്ല.