തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ എസ്എഫ്ഐയ്ക്കെതിരെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. സംഘര്‍ഷത്തിന് പിന്നില്‍ എസ്എഫ്ഐക്കാരാണെന്നും കുത്തേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയിലെത്തിക്കാന്‍ പോലും എസ്എഫഐ പ്രവര്‍ത്തകര്‍ അനുവദിച്ചില്ലെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.
എസ്എഫ്ഐ നേതാക്കള്‍ക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ റോഡ് ഉപരോധിച്ചു. വന്‍ പൊലീസ് സന്നാഹമാണ് കോളേജിന് മുന്നില്‍ ക്യാമ്പ് ചെയ്യുന്നത്.
പെണ്‍കുട്ടികളടക്കമുള്ളവര്‍ പ്രതിഷേധ സമരത്തില്‍ പങ്കെടുക്കുകയും എസ്എഫ്ഐയ്ക്കെതിരെ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്യുന്നുണ്ട്.
കോളേജ് കാന്റീനിലിരുന്ന് പാട്ട് പാടിയതിനാണ് എസ്എഫ്ഐ നേതാക്കള്‍ വിദ്യാര്‍ത്ഥിയെ ആക്രമിച്ചതെന്നും ക്യാമ്പസില്‍ എസ്എഫ്ഐ നേതാക്കള്‍ക്ക് ഇഷ്ടമല്ലാത്തതെന്തെങ്കിലും ചെയ്താല്‍ യൂണിറ്റ് നേതാക്കള്‍ സംഘം ചേര്‍ന്നെത്തി മര്‍ദ്ദിക്കുക പതിവാണെന്നും വിദ്യാര്‍ത്ഥികള്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
കോളേജ് ക്യാന്റീനിലിരുന്ന് പാട്ട് പാടിയ വിദ്യാര്‍ത്ഥികളെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ വന്ന് തടഞ്ഞതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. വളരെ മോശമായ ഭാഷയിലാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥികളോട് പെരുമാറിയത്. ഇതിനിടയില്‍ വിദ്യാര്‍ത്ഥികളിലൊരാളെ എസ്എഫ്ഐ യൂണിറ്റ് ഓഫീസിലേക്ക് കൊണ്ടു പോകുകയും മര്‍ദ്ദിക്കുകയും ചെയ്തു. മര്‍ദ്ദനത്തിനിടെ വിദ്യാര്‍ത്ഥിയെ കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തു. കുത്തേറ്റ വിദ്യാര്‍ത്ഥി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസങ്ങളിലും യൂണിവേഴ്സിറ്റി കോളേജില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇന്ന് വീണ്ടും സംഘര്‍ഷത്തിലേക്കും കൈയ്യാങ്കളിയിലേക്കും കാര്യങ്ങള്‍ എത്തിയത്.
എസ്എഫ്ഐ നേതാക്കളുടെ മാനസിക പീഡനം മൂലം കോളേജിലെ ഒരു വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ക്യാമ്പസിലെ എസ്എഫ്ഐ യൂണിയന് നേതാക്കളുടെ സമ്മര്‍ദ്ദം മൂലമാണ് മരിക്കുന്നതെന്നായിരുന്നു വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാകുറിപ്പ്. യൂണിവേഴ്സിറ്റി കോളേജില്‍ പഠിക്കാനുള്ള സാഹചര്യമില്ലെന്ന് ചൂണ്ടി കാട്ടി ഈ വിദ്യാര്‍ത്ഥിനി മറ്റൊരു കോളേജിലേക്ക് മാറുകയും ചെയ്തിരുന്നു.
അതേസമയം സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാദ്ധ്യമ പ്രവര്‍ത്തകരെയും എസ്എഫ്ഐ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു.