തിരുവനന്തപുരം: എസ്എഫ്ഐ ആക്രമണത്തില്‍ കുത്തേറ്റ അഖിലിന് അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അഖിലിന് ആന്തരിക രക്തസ്രാവമുള്ളതിനാല്‍ ഉടന്‍ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കണമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്.
അതേസമയം അഖിലിനെ ഒന്നരവര്‍ഷം മുന്‍പും എസ് എഫ്എഐ ആക്രമിച്ചിരുന്നുവെന്ന് പിതാവ് ചന്ദ്രന് പറഞ്ഞു. സിപിഎം ജില്ലാസെക്രട്ടറിയെ കണ്ട് അന്ന് പരാതി അറിയിച്ചിരുന്നെന്നും എസ്എഫ്ഐ ജില്ലാ നേതൃത്വം ഇടപെട്ട് അന്ന് പ്രശ്നം പരിഹരിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി. മകന് എസ്എഫ്ഐയുടെ ഭാഗത്ത് നിന്നും ഭീഷണിയുണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു. മകന് കുത്തേറ്റതിന് ശേഷം കോളേജ് അധികൃതര്‍ ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
എന്നാല്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ പ്രശ്നം മാത്രമാണിതെന്നായിരുന്നു എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് വി എ വിനീഷിന്റെ പ്രതികരണം.
ഇന്ന് രാവിലെയാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ സംഘര്‍ഷമുണ്ടായത്. കോളേജ് ക്യാന്റീനിലിരുന്ന് പാട്ട് പാടിയ വിദ്യാര്‍ത്ഥികളെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ വന്ന് തടഞ്ഞതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. തുടര്‍ന്നുണ്ടായ വാക്കേറ്റമാണ് സംഘര്‍ശത്തില്‍ കലാശിച്ചത്. ഇതിനിടയിലാണ് അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയായ അഖിലിനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്.
സംഭവത്തില്‍ എസ്എഫ്ഐക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. എസ്എഫ്ഐ നേതാക്കള്‍ക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികല്‍ റോഡ് ഉപരോധിച്ചു. കുത്തേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയിലെത്തിക്കാന്‍ പോലും എസ്എഫഐ പ്രവര്‍ത്തകര്‍ അനുവദിച്ചില്ലെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.