Kerala

ഇത് ആദ്യ സംഭവമല്ല; ഒറ്റപ്പെട്ടതുമല്ല; എഐഎ‌സ്‌എഫ് നേതാവിന്റെ മുണ്ടുരിഞ്ഞ് അതുമായി പ്രകടനം ; രാഖി കെട്ടിയാൽ ചോറിൽ വെളളമൊഴിക്കും; നോമിനേഷൻ കൊടുത്താൽ ഇടിയോടിടി; പാട്ടുപാടിയാൽ കുത്തിക്കൊല്ലാൻ ശ്രമിക്കും; യൂണിവേഴ്സിറ്റി കോളേജിലെ എസ് എഫ് ഐ ജനാധിപത്യം ഇങ്ങനെയൊക്കെയാണ്

സ്വാതന്ത്ര്യം , ജനാധിപത്യം , സോഷ്യലിസം . കൊടിയിലെ മുദ്രാവാക്യങ്ങൾ ഇതൊക്കെയാണെങ്കിലും എസ് എഫ് ഐ അനുവർത്തിക്കുന്നത് ഫാസിസ്റ്റ് നയങ്ങളാണെന്നത് പരസ്യമായ രഹസ്യമാണ്. തങ്ങൾക്ക് സമഗ്രാധിപത്യമുള്ള സ്ഥലങ്ങളിൽ പ്രവർത്തന സ്വാതന്ത്ര്യം പോയിട്ട് എതിരായൊന്ന് മിണ്ടാൻ പോലും അവകാശം വിദ്യാർത്ഥികൾക്കില്ല. എസ് എഫ് ഐ ഫാസിസം പ്രയോഗവത്കരിക്കുന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്.

എസ്എഫ്ഐ അതിക്രമത്തെക്കുറിച്ച് പലതവണയായി ജനം ടിവി വാർത്താ സംഘം റിപ്പോർട്ട് ചെയ്ത വാർത്തകൾ…

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ അതിക്രമം പുതിയ സംഭവമല്ല. മുൻപും നിരവധി തവണ വിദ്യാർത്ഥികൾക്ക് നേരെ എസ്എഫ്ഐ ആക്രമണം നടത്തിയിട്ടുണ്ട്.യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ അതിക്രമത്തെക്കുറിച്ച് പലതവണയായി ജനം ടിവി വാർത്താ സംഘം റിപ്പോർട്ട് ചെയ്ത വാർത്തകൾ…

Gepostet von Janam TV am Freitag, 12. Juli 2019

ഇന്ന് യൂണിവേഴ്സിറ്റി കോളേജിൽ നടന്നത് ആദ്യസംഭവമല്ല, ഒറ്റപ്പെട്ടതുമല്ല. മുൻപും ഇതുപോലെ നിരവധി സംഭവങ്ങൾ യൂണിവേഴ്സിറ്റി കോളേജിൽ അരങ്ങേറിയിട്ടുമുണ്ട്. യൂണിവേഴ്സിറ്റി കോളേജ് എന്ന രാവണൻ കോട്ടയിൽ എസ് എഫ് ഐ തമ്പ്രാന്മാർക്ക് നേരേ നിവർന്ന് നിന്നാൽ പോലും പ്രശ്നമാണ് . സി പി ഐ യുടെ വിദ്യാർത്ഥി സംഘടനയായ എ ഐ എസ് എഫിലെ വിദ്യാർത്ഥികൾക്ക് പോലും രക്ഷയില്ല . സംസ്ഥാന ജോയിന്റ് സെക്രട്ടറിയായ അരുണിന്റെ മുണ്ട് പറിച്ച് അത് കൊടിയാക്കി പ്രകടനം വിളിച്ചവരാണ് യൂണിവേഴ്സിറ്റി കോളേജിലെ എസ് എഫ് ഐക്കാർ.

രാഖി കെട്ടിയതിന് ചോറിൽ വെള്ളമൊഴിച്ച് അത് കഴിപ്പിച്ച പാരമ്പര്യവും കോളേജിലെ എസ് എഫ് ഐ ഫാസിസ്റ്റുകൾക്കുണ്ട് . തെരഞ്ഞെടുപ്പിൽ നോമിനേഷൻ കൊടുത്താൽ പിന്നെ ആ വിദ്യാർത്ഥിയുടെ ഗതി അധോഗതിയാണ് . രണ്ട് ദിവസം മുൻപത്തെ സദാചാര ഗുണ്ടാ ആക്രമണത്തിലെ ഇരകൾ ചൂണ്ടിക്കാട്ടിയത് പോലെ എസ് എഫ് ഐ യെ എതിർത്താൽ ആണാണെങ്കിൽ കഞ്ചാവ് കേസാക്കും . പെണ്ണാണെങ്കിൽ അനാശാസ്യം ആരോപിക്കും .

നെഹ്രു കോളേജിലെ ഇടിമുറിക്കെതിരെ പൊരുതിയ എസ് എഫ് ഐക്ക് യൂണിവേഴ്സിറ്റി കോളേജിൽ സ്വന്തമായുള്ളത് ഒന്നിലധികം ഇടിമുറികളാണ് . സംശയം തോന്നുന്നവരെ പിടിച്ചുകൊണ്ടുപോയി പോലീസ് മോഡൽ മൂന്നാം മുറയാണ് പ്രയോഗിക്കുന്നത് .

കാഴ്ചവൈകല്യമുള്ള സാജനെന്ന ഒന്നാം വർഷ ജ്യോഗ്രഫി വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചത് 2015 സെപ്റ്റംബറിലാണ്. ശ്രീകൃഷ്ണജയന്തിയുടെ തലേദിവസം അവധിയെടുത്തതിനാണ് സാജന് മർദ്ദനമേറ്റത്. മൊബൈലിന്റെ കവർ ഓറഞ്ച് നിറമാക്കിയതും കുട്ടി സഖാക്കളെ ചൊടിപ്പിച്ചു. യൂണിയൻ മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചതിനെപ്പറ്റി പരാതി പറഞ്ഞാൽ കഞ്ചാവ് കേസിൽ കുടുക്കുമെന്നായിരുന്നു ഭീഷണി.

ഫിലോസഫി പഠിക്കാൻ കോളേജിലെത്തിയ വനവാസി വിദ്യാർത്ഥി അരുണിനെ ക്രൂരമായി മർദ്ദിച്ചത് 2016 ജൂലൈയിലാണ് .കെ എസ് യുക്കാരനാണെന്ന് ആരോപിച്ചായിരുന്നു മർദ്ദനം . മർദ്ദനത്തിനു ശേഷം പൂട്ടിയിട്ടു . അരുണിന്റെ ഫോണും തകർത്തു.എസ് എഫ് ഐ ഫാസിസത്തിന്റെ ഇത്തരം എണ്ണിയാലൊടുങ്ങാത്ത സംഭവങ്ങൾ യൂണിവേഴ്സിറ്റി കോളേജിന്റെ ചരിത്രത്തിലുണ്ട് . നോമിനേഷൻ കൊടുക്കാനെത്തിയ മറ്റ് വിദ്യാർത്ഥി സംഘടനകളിൽ പെട്ടവരെ തല്ലിച്ചതച്ചത് ഈയടുത്താണ്.

യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ നേതാക്കളുടെ മാനസിക പീഡനം സഹിക്കാനാകാതെ ഒരു പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചിട്ട് അധികനാളായില്ല. ഒടുവിൽ അവർക്ക് കോളേജ് മാറേണ്ട അവസ്ഥ വരെയുണ്ടായി.

കോളേജിലെ എസ്എഫ്ഐ അതിക്രമത്തിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് ഇന്ന് അഖിലെന്ന വിദ്യാർത്ഥിക്ക് നേരെ നടന്നത്. എസ്എഫ്ഐയിൽ നിന്ന് തങ്ങൾക്ക് സ്വാതന്ത്ര്യം വേണമെന്ന ആവശ്യവുമായി എസ്എഫ്ഐ പ്രവർത്തകരായ വിദ്യാർത്ഥികൾ തന്നെ രംഗത്തെത്തിക്കഴിഞ്ഞു. ഇക്കാര്യം മാദ്ധ്യമങ്ങൾക്ക് മുന്നിൽ അവർ വിളിച്ചു പറയുകയും ചെയ്തുകഴിഞ്ഞു.

നവമാദ്ധ്യമങ്ങളുടെ കാലത്ത് മാനവിക മുഖം മൂടിവച്ച് ഫാസിസവുമായി ഇനിയും മുന്നോട്ടുപോകാൻ കഴിയുകയില്ലെന്ന തിരിച്ചറിവ് ചില പാർട്ടി അണികളെയെങ്കിലും പ്രതികരിക്കാൻ പ്രേരിപ്പിക്കുന്നുണ്ട് . ഇതൊന്നുമല്ല സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവുമെന്ന് ദുർബ്ബലമായ ശബ്ദത്തിലെങ്കിലും പറയാൻ അവർ മുന്നോട്ടു വരുന്നുണ്ട്. പക്ഷേ ജനിതകമായി ലഭിച്ച സ്വഭാവ വൈകല്യത്തിന് എന്ത് ചികിത്സയാണ് പരിഹാരമാവുകയെന്നത് കാത്തിരുന്നു കാണാം .

2K Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close