ന്യൂഡല്‍ഹി: റെയില്‍വേ സ്വകാര്യവല്‍ക്കരണത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍. എന്നാല്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.ഒപ്പം തന്നെ ചില പ്രധാന കേന്ദ്രങ്ങളിലെ സൗകര്യം വര്‍ധിപ്പിക്കാനായി വ്യാപാര-വ്യവസായിക രീതിയിലുള്ള വികസനം നടപ്പാക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
മുന്‍ യുപിഎ സര്‍ക്കാറിനേക്കാള്‍ മികച്ച രീതിയിലുള്ള സൗകര്യങ്ങള്‍ സുരക്ഷാ ദൃഷ്ടിയിലും സാങ്കേതിക കാര്യങ്ങളിലും നടപ്പാക്കിവരികയാണെന്ന് ഗോയല്‍ അവകാശപ്പെട്ടു.റായ്ബറേലിയിലെ ആധുനിക റെയില്‍ കോച്ച് ഫാക്ടറിക്കെതിരെ പ്രവര്‍ത്തിച്ച സോണിയാ ഗാന്ധിയെ വിമര്‍ശിച്ച ഗോയല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചു. സ്വന്തം മണ്ഡലമായിട്ടുകൂടി ഭരിച്ച സമയത്ത് ഒരു കോച്ച് പോലും റായ്ബറേലിയില്‍ നിന്ന് സോണിയാ ഇറക്കിയിട്ടില്ലെന്ന് ഗോയല്‍ കുറ്റപ്പെടുത്തി.എന്നാല്‍ 2018-19 കാലഘട്ടത്തില്‍ 1000 കൊച്ചുകളെന്ന ലക്ഷ്യം മറികടന്ന് 1425 കൊച്ചുകള്‍ മോദി ഭരണത്തില്‍ നിര്‍മ്മിച്ചുവെന്നും വ്യക്തമാക്കി.
മോദി സര്‍ക്കാറിന്റെ കീഴില്‍ 2.5 ശതമാനത്തിലേറെ വരുമാന വളര്‍ച്ച റെയില്വ്വേയ്ക്ക് കൈവന്നുവെന്നും രാഷ്ട്രീയ ബജറ്റല്ല പകരം റെയില്‍വേ ബജറ്റാണ് അവതരിപ്പിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.