ഇടുക്കി: പീരുമേട് സബ് ജയിലില്‍ റിമാന്‍ഡിലിരിക്കെ കൊല്ലപ്പെട്ട രാജ് കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്ന് ജുഡീഷ്യല്‍ കമ്മീഷന്. ആദ്യത്തെ പോസ്റ്റ്മോര്‍ട്ടം ഗൗരവത്തോടെയുള്ളതല്ലെന്നും ഗുരുതരമായ പിഴവുകളുണ്ടെന്നും കമ്മീഷന് വ്യക്തമാക്കി.
മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നതു സംബന്ധിച്ചുള്ള നിര്‍ദ്ദേശം നാളെ പോലീസിനും ആര്‍ഡിഒക്കും നല്‍കുമെന്നും ജസ്റ്റിസ് നാരായണക്കുറുപ്പ് അറിയിച്ചു. ആദ്യ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കേസിന് തിരിച്ചടിയാകുമെന്നും അതുകൊണ്ട് തന്നെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
രാജ് കുമാറിന്റെ ആന്തരികാവയവങ്ങള്‍ വിദഗ്ധ പരിശോധനക്ക് അയച്ചിട്ടില്ല. മുറിവുകളുടെ ആഴവും കാലപ്പഴക്കവും പരിശോധിക്കാന്‍ വീണ്ടും പോസ്റ്റ്മോര്‍ട്ടം അനിവാര്യമാണെന്നാണ് കമ്മീഷന്റെ വിലയിരുത്തല്‍. രാജ് കുമാറിന്റെ മൃതദേഹം അടക്കം ചെയ്ത സ്ഥലത്ത് പോലീസ് കാവല്‍ ഏര്‍പ്പെടുത്തണമെന്നും നിര്‍ദ്ദേശമുണ്ട്.