വിശാഖപട്ടണം: വിശാഖപട്ടണത്ത് വന്‍ കഞ്ചാവ് വേട്ട. 1400 കിലോ കഞ്ചാവുമായി 4 പേര് പിടിയിലായി. 1.5 കോടി രൂപ വിലമതിക്കുന്ന കഞ്ചാവ് ലോറിയില്‍ കടത്തവേയാണ് എക്സൈസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. നീലംപേട്ട് ജംഗ്ഷനിലെത്തിയപ്പോഴാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ വാഹനത്തില്‍ പരിശോധന നടത്തിയത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അനകപള്ളി എക്സൈസ് ഉദ്യോഗസ്ഥരും പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. സില്ലേരുവില് നിന്ന് ഉരുളക്കിഴങ്ങുമായി പോകുന്ന ലോറിയെന്ന വ്യാജേനയാണ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. ഉരുളക്കിഴങ്ങ് ചാക്കുകെട്ടുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
സംഭവത്തില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരുടെ പക്കല്‍ നിന്നും നാല് മൊബൈല്‍ ഫോണുകളും 48,000 രൂപയും പിടിച്ചെടുത്തു. അറസ്റ്റിലായവരില്‍ രണ്ട് പേര് ഉത്തര്‍പ്രദേശ് സ്വദേശികളാണെന്നും കഞ്ചാവ് ഉത്തര്‍പ്രദേശിലേക്ക് കടത്താനായിരുന്നു ഇവരുടെ ശ്രമമെന്നും പോലീസ് പറഞ്ഞു.