തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവത്തില്‍ എസ്എഫ്ഐയെ രൂക്ഷമായി വിമര്‍ശിച്ച് നിയമസഭാ സ്പീക്കറും സിപിഎം സംസ്ഥാന സമിതിയംഗവുമായ പി ശ്രീരാമകൃഷ്ണന്. തെറ്റുകള്‍ക്ക് മുമ്പില്‍ ശിരസ്സുകുനിച്ചു മാപ്പപേക്ഷിക്കണമെന്നും നാറ്റം പേറി സ്വയം നാറാതെ സ്വബുദ്ധി കാണിക്കണമെന്നും ശ്രീരാമകൃഷ്ണന് ഫേസ്ബുക്കില്‍ കുറിച്ചു.
സംസ്ഥാനത്തെവിവിധ കോളേജുകളില്‍ എസ്എഫ്ഐ അക്രമം തുടര്ക്കഥയാകുന്നതിനിടയിലും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ അക്രമസംഭവങ്ങളിലും എസ്എഫ്ഐയെ ശക്തമായി വിമര്‍ശിച്ചാണ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് രംഗത്തെത്തിയത്. എസ്എഫ്ഐ നേതാക്കളുടെ ആക്രമണത്തില്‍ കുത്തേറ്റ വിദ്യാര്‍ഥി അഖിലിനോട് ശിരസ്സു കുനിച്ച് മാപ്പ് അപേക്ഷിക്കണമെന്ന് കുറിപ്പില്‍ പറയുന്നു. കാലം കാത്തുവച്ച രക്തനക്ഷത്രങ്ങളുടെ ഓര്‍മ്മകള്‍ മറക്കാതിരിക്കണമെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
‘എന്റെ ഹൃദയം നുറുങ്ങുന്നുവെന്നും വേദനകൊണ്ട് തേങ്ങുന്നുവെന്നും ലജ്ജാഭാരം കൊണ്ട് ശിരസ്സ് താഴുകയാണെന്നുമാണ് എസ്എഫ്ഐക്കെതിരെയുള്ള വിമര്‍ശനം. യുവലക്ഷങ്ങളുടെ സ്നേഹനിലാവിലേക്കാണ് നിങ്ങള്‍ കഠാരയുടെ കൂരിരുട്ട് ചീറ്റിത്തെറിപ്പിച്ചതെന്നും സ്പീക്കര്‍ പേര് പറയാതെ എസ്എഫ്ഐയെ കുറ്റപ്പെടുത്തി. നാടിന്റെ സര്‍ഗാത്മക യൗവ്വനത്തെയാണ് ചവിട്ടിത്താഴ്ത്തിയതെന്നും ഈ ദുര് ഗന്ധം ചരിത്രത്തിലെ അക്ഷരത്തെറ്റ് തന്നെയാണെന്നും ശ്രീരാമകൃഷ്ണന്റെ പോസ്റ്റില്‍ പറയുന്നു.
മനംമടുപ്പിക്കുന്ന നാറ്റത്തിന്റെ ഈ സ്വര്‍ഗം വേണ്ടെന്നും ഇതിനെക്കാള്‍ നല്ലത് സമ്പൂര്‍ണ പരാജയത്തിന്റെ നരകമാണെന്നുമാണ് സ്പീക്കറുടെ സ്വയം വിലയിരുത്തല്‍. തെറ്റുകള്‍ക്ക് മുന്നില്‍ രണ്ടുവഴികളില്ലെന്നും ശിരസ്സുകുനിച്ച് മാപ്പ് അപേക്ഷിക്കുകയാണ് വേണ്ടതെന്നും സ്പീക്കര്‍ ഉപദേശിച്ചു. അഖില്‍ എന്ന തലക്കെട്ടോടെയാണ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് ഫെയ്സ്ബുക്കില്‍ കുറിപ്പ് എഴുതിയത്.
വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവത്തില്‍ വിവിധ കോണുകളില്‍ നിന്നും ഇടത് മുന്നണിക്കുള്ളില്‍ നിന്നും പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് എസ്എഫ്ഐക്കെതിരെ പരസ്യമായി രംഗത്തു വരാന്‍ സ്പീക്കര്‍ പി.രാമകൃഷ്ണനും നിര്‍ബന്ധിതനായത്.