തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐയുടെ അക്രമത്തെ ന്യായീകരിച്ച് പ്രിന്‍സിപ്പല്‍ കെ. വിശ്വംഭരന്. സംഘര്‍ഷങ്ങള്‍ ഇല്ലാതെ ശാന്തമായി പ്രവര്‍ത്തിക്കുന്ന കലാലയമാണ് യൂണിവേഴ്സിറ്റി കോളേജെന്നാണ് പ്രന്‍സിപ്പല്‍ അവകാശപ്പെടുന്നത്. മൂവായിരത്തിലധികം പേര് പഠിക്കുന്ന കോളേജില്‍ സംഘര്‍ഷങ്ങള്‍ സ്വാഭാവികമാണെന്നായിരുന്നു പ്രിന്‍സിപ്പലിന്റെ മറുപടി.
കോളേജില്‍ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയോട് ചേര്‍ന്ന് ഇടിമുറിയുണ്ടെന്ന ആരോപണത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായപ്പോള്‍ താന്‍ ആദ്യം സ്ഥലത്തെത്തിയിരുന്നെന്നും എന്നാല്‍ അപ്പോള്‍ പ്രശ്നമൊന്നും ഇല്ലെന്നായിരുന്നു വിദ്യാര്‍ത്ഥികള്‍ വിശദീകരിച്ചതെന്നും തുടര്‍ന്നാണ് തിരിച്ച് പോയതെന്നും പ്രിന്‍സിപ്പല്‍ വിശദീകരിച്ചു.
സമരങ്ങള്‍ക്കും പ്രതിഷേധ പ്രകടനങ്ങള്‍ക്കും വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് കൊണ്ടു പോകുന്നത് താന്‍ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ കോളേജ് അച്ചടക്ക നടപടി നടപടിയെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കുത്തേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചുവെന്നും അദ്ദേഹം പറഞ്ഞു.