തിരുവനന്തപുരം: തന്നെ കുത്തിപ്പരിക്കേല്‍പ്പിച്ചത് എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്ത് ആണെന്ന് അഖില്‍ മൊഴി നല്കി. കുത്തിയത് ശിവരഞ്ജിത്താണെന്നും അതിന് സഹായിച്ചത് നസീമുമാണെന്നാണ് അഖില്‍ മൊഴി നല്‍കിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടറിനോടാണ് അഖില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. അഖിലുമായി സംസാരിച്ചതിന്റെ വിശദാംശങ്ങള്‍ ഡോക്ടര്‍ പൊലീസിന് കൈമാറി.
അഖിലിന്റെ മൊഴി വിശദമായി രേഖപ്പെടുത്താന്‍ പൊലീസ് ഡോക്ടര്‍മാരോട് അനുവാദം തേടിയിട്ടുണ്ട്. ആരോഗ്യനില മെച്ചപ്പെട്ടാല്‍ മൊഴി എടുക്കാമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
കുത്തിയത് ശിവരഞ്ജിത്ത് ആണെന്നാണ് ദൃക്സാക്ഷികളും മൊഴി നല്‍കിയത്. അതേസമയം കോളേജില്‍ പൊലീസ് പരിശോധന നടത്തി. എസ്എഫ്ഐ യൂണിയന് ഓഫീസിലും ക്യാമ്പസിന്റെ വിവിധ ഇടങ്ങളിലും ദൃക്സാക്ഷികളോടൊപ്പം പൊലീസ് പരിശോധന നടത്തി.
പരിശോധനയില്‍ എസ്എഫ്ഐ യൂണിറ്റ് റൂമില്‍ നിന്നും ആയുധങ്ങളും മദ്യക്കുപ്പികളും കണ്ടെടുത്തു. എസ്എഫ്ഐയുടെ അക്രമങ്ങള്‍ അരങ്ങേറുന്നത് യൂണിറ്റ് മുറി കേന്ദ്രീകരിച്ചാണെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.