India

കൗണ്ട്ഡൗണ്‍ തുടങ്ങി; ഇന്ത്യയുടെ രണ്ടാം ചന്ദ്രപര്യവേക്ഷണ ദൗത്യമായ ചാന്ദ്രയാന്‍ 2ന് ഇനി മണിക്കൂറുകള്‍ മാത്രം

ന്യൂഡല്‍ഹി: ബഹിരാകാശ രംഗത്തെ ഇന്ത്യയുടെ കുതിപ്പില്‍ നാഴികക്കല്ലായി മാറിയ ചാന്ദ്രയാന്റെ രണ്ടാം ഉദ്യമത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. വിക്ഷേപണത്തിനുള്ള 20 മണിക്കൂര്‍ കൗണ്ട്ഡൗണ്‍ ഇന്ന് രാവിലെ 6.51ന് ആരംഭിച്ചു. ചാന്ദ്രയാന്‍ 2 നാളെ പുലര്‍ച്ചെ 2.51ന് ശ്രീഹരിക്കോട്ടയില്‍ നിന്നും വിക്ഷേപിക്കും. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ചരിത്ര മുഹൂര്‍ത്തത്തിനു സാക്ഷിയാകും.

ചാന്ദ്രയാന്‍ 2ല്‍ ഓര്‍ബിറ്റര്‍, ലാന്‍ഡര്‍(വിക്രം), റോവര്‍(പ്രജ്ഞാന്‍) എന്നിങ്ങനെ മൂന്ന് മൊഡ്യൂളുകളാണുള്ളത്. 4 ടണ്‍ വരെ ഭാരം വഹിക്കാന്‍ ശേഷിയുളളതാണ് ചാന്ദ്രയാന്‍ 2 പേടകമായ ജിഎസ്എല്‍വി മാര്‍ക്ക് 3 റോക്കറ്റ്. നേരത്തെ, 1 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള പിഎസ്എല്‍വി റോക്കറ്റാണ് ചാന്ദ്രയാന്‍ 1 വിക്ഷേപിക്കാന്‍ ഉപയോഗിച്ചിരുന്നത്.

1000 കോടി രൂപയോളം ചെലവ് വരുന്ന പദ്ധതിയാണ് ചാന്ദ്രയാന്‍ 2. ഇന്ത്യ ആദ്യമായി സോഫ്റ്റ് ലാന്‍ഡിംഗ് രീതി പരീക്ഷിക്കുന്ന ദൗത്യമെന്ന പ്രത്യേകതയും ചാന്ദ്രയാന്‍ 2ന് ഉണ്ട്. അമേരിക്കയും റഷ്യയും ചൈനയും മാത്രമാണ് ഈ രീതി പരീക്ഷിച്ച് വിജയിച്ചിട്ടുള്ളത്. മുന്‍പ് ചന്ദ്രന്റെ ഉപരിതലത്തില്‍ ഇടിച്ചിറങ്ങുന്ന രീതിയാണ് ചാന്ദ്രയാന്‍ 1ല്‍ പോലും സ്വീകരിച്ചിരുന്നത്. ഇതുവരെ ഒരു ബഹിരാകാശ വാഹനവും ഇറങ്ങിയിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങാനാണ് ചാന്ദ്രയാന്‍ 2 തയ്യാറെടുക്കുന്നത്.

ഐഎസ്ആര്‍ഒയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും സങ്കീര്‍ണ്ണമായ ദൗത്യമാണിതെന്ന് ചാന്ദ്രയാന്‍ പേടകത്തിന്റെ നിര്‍മ്മാണത്തിനു നേതൃത്വം നല്‍കിയ യു.ആര്‍. റാവു സാറ്റ്‌ലൈറ്റ് സെന്റര്‍ ഡയറക്ടറും മലയാളിയുമായ പി. കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ദൗത്യമാണിതെന്ന് ഐഎസ്ആര്‍ഒ മേധാവി കെ.ശിവന്‍ നേരത്തെ പറഞ്ഞിരുന്നു. റോവര്‍ ചന്ദ്രനിലിറക്കുന്നത് ഏറെ ശ്രമകരമാണെന്നും ക്രാഷ് ലാന്‍ഡിംഗ് വഴി ഉപകരണത്തിന് കേടുപാടുകള്‍ സംഭവിക്കാന്‍ വരെ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചാന്ദ്രയാന്‍ 2ന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചവരില്‍ മൂന്നില്‍ ഒന്ന് പേരും സ്ത്രീകളാണ് എന്ന കാര്യം രാജ്യത്തിനു തന്നെ അഭിമാനകരമാണ്. വെഹിക്കിള്‍ ഡയറക്ടര്‍ എം.വനിത, മിഷന്‍ ഡയറക്ടര്‍ ഋതു കൃതാല്‍ എന്നിവരാണ് ദൗത്യത്തിലെ നിര്‍ണ്ണായകമായ ചുമതലകള്‍ നിര്‍വഹിച്ചത്. ചാന്ദ്രയാന്‍ പേടകത്തിന്റെ രൂപകല്‍പ്പനയിലും ഒട്ടേറെ വനിതകളുടെ പങ്കാളിത്തമുണ്ടായി.

പര്യവേഷണത്തിനുള്ള 14 പേ ലോഡുമായി ചാന്ദ്രയാന്‍ 2 സെപ്റ്റംബര്‍ 7നാണ് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങുക.

3K Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close