ചണ്ഡീഗഢ്: പഞ്ചാബില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗുമായുള്ള തര്‍ക്കത്തിനൊടുവില്‍ നവജ്യോത് സിംഗ് സിദ്ദു മന്ത്രി സ്ഥാനം രാജിവെച്ചു. രാഹുല്‍ ഗാന്ധിക്ക് സമര്‍പ്പിച്ച രാജിക്കത്തിന്റെ പകര്‍പ്പ് സിദ്ദു ട്വിറ്ററിലൂടെ പുറത്തുവിട്ടു.
ഇക്കഴിഞ്ഞ 10ാം തീയതിയാണ് സിദ്ദു രാജി സമര്‍പ്പിച്ചത്. എന്നാല്‍ രാജിക്കു പിന്നിലെ കാരണം എന്താണെന്ന് കത്തില്‍ വ്യക്തമാക്കിയിട്ടില്ല.
നേരത്തെ, നവജ്യോത് സിംഗ് സിദ്ദുവിനെ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് തദ്ദേശഭരണ വകുപ്പിന്റെ ചുമതലയില്‍ നിന്നും നീക്കിയിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിനു പിന്നാലെ അമരീന്ദര്‍ സിംഗും സിദ്ദുവും തമ്മിലുള്ള തര്‍ക്കം രൂക്ഷമായതിനു പിന്നാലെയാണ് തദ്ദേശഭരണ വകുപ്പിന്റെ ചുമതലയില്‍ നിന്നും സിദ്ദുവിനെ നീക്കിയിരുന്നത്.
തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിനു പിന്നാലെ മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ നിന്നും സിദ്ദു വിട്ടു നിന്നിരുന്നു. ഇതിനു ശേഷം നടന്ന മന്ത്രിസഭ യോഗത്തിലും സിദ്ദു പങ്കെടുത്തില്ല. യോഗത്തില്‍ പങ്കെടുക്കാതെ ഫെയ്സ്ബുക്ക് ലൈവിലെത്തി പ്രതിഷേധമറിയിച്ചതിനു പിന്നാലെയാണ് സിദ്ദുവിനെ തദ്ദേശഭരണ വകുപ്പിന്റെ ചുമതലയില്‍ നിന്നും നീക്കിയത്. പകരം ഊര്‍ജ്ജ വകുപ്പ് നല്‍കിയിരുന്നെങ്കിലും ചുമതലയേല്‍ക്കാന്‍ സിദ്ദു തയ്യാറായിരുന്നില്ല.