തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിയെ കുത്തിയ കേസിലെ ഒന്നാം പ്രതിയും എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റുമായിരുന്ന ശിവരഞ്ജിത്തിന്റെ വീട്ടിൽ പോലീസ് റെയ്ഡ്. സർവകലാശാല പരീക്ഷ എഴുതാനുള്ള പേപ്പറും കോളേജിലെ സീലും വീട്ടിൽ നിന്നും പോലീസ് കണ്ടെത്തി. ഫിസിക്കൽ എജ്യുക്കേഷൻ ഡിപ്പാർട്ട്മെന്റിന്റെ സീലാണ് ലഭിച്ചത്.
യൂണിവേഴ്സിറ്റി കോളേജൽ എസ്എഫ്ഐ പ്രവർത്തകൻ കൂടിയായ അഖിലിനെ കുത്തിയ കേസിൽ ഒന്നാം പ്രതിയായ ശിവരഞ്ജിത്ത് നിലവിൽ ഒളിവിലാണ്. അതിനിടെ പിഎസ്സിയുടെ പോലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിൽ ശിവരഞ്ജിത്ത് ഒന്നാം സ്ഥാനത്തെത്തിയതിൽ അട്ടിമറി നടന്നിട്ടുണ്ടെന്ന ആരോപണം ശക്തമായിരിക്കുകയാണ്.