തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തും രണ്ടാം പ്രതി നസീമും പൊലീസ് പിടിയില്‍. തിരുവനന്തപുരം കേശവദാസപുരത്തെ ഒരു വീട്ടില്‍ നിന്നാണ് ഇരുവരേയും പൊലീസ് പിടികൂടിയത്. കേസില്‍ ഇന്നലെയും മൂന്ന് പേര് പിടിയിലായിരുന്നു. കോളേജിലെ എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികളായ ആരോമല്‍, അദ്വൈത്, ആദില്‍ എന്നിവരെയാണ് ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
എസ്എഫ്ഐ യൂണിറ്റ് അംഗമായിരുന്ന ഇജാബിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ശനിയാഴ്ച്ച രാത്രി നേമത്ത് നിന്നാണ് ഇജാബിനെ അറസ്റ്റ് ചെയ്തത്. കേസില്‍ ഇനിയും മൂന്ന് പേര് പിടിയിലാകാനുണ്ട്.
ഇന്നലെ ശിവരഞ്ജിത്തിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. സര്‍വകലാശാല പരീക്ഷ എഴുതാനുള്ള പേപ്പറും കോളേജിലെ സീലും വീട്ടില്‍ നിന്നും പോലീസ് കണ്ടെത്തിയിരുന്നു. ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ സീലാണ് ലഭിച്ചത്.