തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ത്ഥിയെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ 7 വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. കേസിലെ ഒന്നാം പ്രതിയും എസ്എഫ്ഐ യൂണിറ്റ് നേതാവുമായ ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും ഉത്തരക്കടലാസുകള്‍ കണ്ടെത്തിയ സംഭവത്തില്‍ സര്‍വകലാശാല അന്വേഷണം പ്രഖ്യാപിച്ചു. സര്‍വകലാശാല പ്രേ വൈസ് ചാന്‍സലറിനും പരീക്ഷാ കണ്‍ട്രോളര്‍ക്കുമാണ് അന്വേഷണ ചുമതല.
ഓരോ സെന്ററുകള്‍ക്കും എത്ര പരീക്ഷാ പേപ്പറുകള്‍ നല്‍കിയെന്ന് അന്വേഷിക്കുമെന്ന് വൈസ് ചാന്‍സലര്‍ വ്യക്തമാക്കി. സര്‍വകലാശാല പരീക്ഷ എഴുതാനുള്ള പേപ്പറും കോളേജിലെ സീലും ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ സീലും വീട്ടില്‍ നിന്നും ലഭിച്ചിരുന്നു.
വധശ്രമമുള്‍പ്പടെയുള്ള വകുപ്പുകളാണ് എസ്എഫ്ഐ നേതാക്കള്‍ക്കെതിരേ പൊലീസ് ചുമത്തിയിരിക്കുന്നത്. കേസില്‍ ഇതുവരെ ആറ് പേരാണ് പൊലീസിന്റെ പിടിയിലായിരിക്കുന്നത്. കേസിലെ മുഖ്യ പ്രതികളായ ശിവരഞ്ജിത്ത്, നസീം, കോളേജിലെ എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികളായ ആരോമല്‍, അദ്വൈത്, ആദില്‍, എസ്എഫ്ഐ യൂണിറ്റ് അംഗമായിരുന്ന ഇജാബ് എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.