കൊച്ചി: ശബരിമലയില്‍ മാസപൂജക്ക് നട തുറക്കുമ്പോള്‍ നിലക്കലില്‍ നിന്നും പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തി വിടണമെന്ന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. പ്രൈവറ്റ് സ്റ്റേജ് കാരിയര്‍ ഒഴികെയുള്ള വാഹനങ്ങള്‍ക്കാണ് അനുമതി നല്‍കിയിട്ടുള്ളത്.
പമ്പയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുമതി ഉണ്ടാകില്ല. ബേസ് ക്യാംപായ നിലക്കലില്‍ ആയിരിക്കും പാര്‍ക്കിംഗ്. സ്വകാര്യ വാഹനങ്ങള്‍ തീര്‍ത്ഥാടകരെ പമ്പയില്‍ ഇറക്കിയ ശേഷം തിരിച്ച് നിലക്കലിലെത്തി പാര്‍ക്ക് ചെയ്യണം.
സ്വകാര്യ വാഹനങ്ങള്‍ തടയാനാകില്ലെന്നും നിയന്ത്രിക്കാന്‍ മാത്രമേ സര്‍ക്കാരിന് അനുമതിയുള്ളൂവെന്നും കോടതി വ്യക്തമാക്കി. അഭിഭാഷക കമ്മീഷന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
നിലവില്‍ നിലക്കലില്‍ ഇറങ്ങിയ ശേഷം കെഎസ്ആര്‍ടിസി ബസിലാണ് തീര്‍ത്ഥാടകര്‍ പമ്പയിലേക്ക് പോകുന്നത്.