കോഴിക്കോട്: യൂണിവേഴ്സിറ്റി കോളേജിലെ പ്രശ്നങ്ങള്‍ പൊതുസമൂഹത്തെ ബാധിക്കുന്ന സാമൂഹ്യപ്രശ്നമായി മാറിയിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. പിഎസ്സിയിലെ മുഴുവന്‍ ക്രമക്കേടുകളും സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിടണമെന്നും കെ.സുരേന്ദ്രന് ആവശ്യപ്പെട്ടു.
യൂണിവേഴ്സിറ്റി കോളേജിലെ പ്രശ്നങ്ങള്‍ എസ്എഫ്ഐക്കുള്ളിലെ പ്രശ്നം മാത്രമാക്കി ഒതുക്കാന്‍ ശ്രമിക്കരുതെന്നും അത് പൊതുജനങ്ങളെ മുഴുവന്‍ ബാധിക്കുന്ന സാമൂഹ്യ പ്രശ്നമാണെന്നും കെ.സുരേന്ദ്രന് പറഞ്ഞു. ഇത് സംബന്ധിച്ച പോലീസ് അന്വേഷണം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി മാത്രമാണെന്നും സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും അറിവോടെയാണ് ഇത്തരം കാര്യങ്ങള്‍ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
സര്‍വ്വകലാശാല പരീക്ഷകള്‍ക്ക് പുറമെ പിഎസ്സി പരീക്ഷകളിലും സര്‍ക്കാര്‍ ഒത്താശയോടെ ക്രമക്കേടുകള്‍ നടക്കുന്നു എന്ന് വ്യക്തമായിരിക്കുകയാണ് .അതുകൊണ്ട് തന്നെ പിഎസ്സിയിലെ ക്രമക്കേടുകള്‍ സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിടണമെന്ന് കെ.സുരേന്ദ്രന് ആവശ്യപ്പെട്ടു.
പിഎസ്സി സുതാര്യവും സ്വതന്ത്രവുമാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് വരും ദിവസങ്ങളില്‍ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും കെ.സുരേന്ദ്രന് കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.