ഉദയ്പൂര്‍: ഗ്രാമീണ മേഖലകളില്‍ അസ്വസ്ഥത പടര്‍ത്തിക്കൊണ്ട് രാജസ്ഥാനില്‍ കലാപങ്ങള്‍ പതിവാകുന്നു. ഉദയ്പൂര്‍ ജില്ലയിലെ ജാവര്മായി ഗ്രാമത്തിലാണ് ജനങ്ങള്‍ ഭരണകൂടത്തിന്റെ അനാസ്ഥയ്ക്കെതിരെ കലാപത്തിലേയ്ക്ക് നീങ്ങിയത്. പിലാദാര് ഗ്രാമത്തിലെ രമേശ് പട്ടേല്‍ എന്ന യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് പ്രശ്നങ്ങള്‍ തലപൊക്കിയത്.
ഗ്രാമീണരുടെ ആവശ്യങ്ങളോട് പോലീസ് മുഖം തിരിച്ചതോടെ ജനക്കൂട്ടം റോഡ് ഉപരോധം ആരംഭിച്ചു.തുടര്‍ന്നുള്ള വാക്കുതര്‍ക്കം പോലീസിന് നേരെയുള്ള കല്ലേറായി മറി.ലാത്തിച്ചാര്‍ജ്ജില്‍ പ്രകോപിതരായ ജനങ്ങള്‍ അക്രമാസക്തരാവുകയായിരുന്നു.
ജില്ലയുടെ പലഭാഗത്തുനിന്ന് കൂടുതല്‍ പോലീസ് എത്തിയതോടെ വളരെ വലിയ സംഖ്യയില്‍ തടിച്ചുകൂടിയ ജനങ്ങള്‍ രണ്ടു ബസ്സുകള്‍ തകര്‍ത്തതിനു പുറകേ പോലീസ് വാഹനവും അഗ്നിക്കിരയാക്കി.എസ് ഐ അടക്കം 8 പോലീസുകാര്‍ക്കും നിരവധി ഗ്രാമീണര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
ജൂലൈ ഏട്ടിന് കാണാതായ രമേശിനെ മരിച്ചനിലയില്‍ സമീപത്തുള്ള വനപ്രദേശത്തുനിന്നു കിട്ടുകയായിരുന്നു.രണ്ടുയുവാക്കളെ പോലീസ് അറസ്റ്റു ചെയ്തെങ്കിലും മദ്യമാഫിയകളാണ് രമേശിനെ വധിച്ചതെന്ന ആരോപണത്തില്‍ ഗ്രാമീണര്‍ ഉറച്ചുനില്‍ക്കുകയാണ്. എന്നാല്‍ കുറ്റക്കാരെ തന്നെയാണ് പിടിച്ചിരിക്കുന്നതെന്നും അവര്‍ കുറ്റസമ്മതം നടത്തിയെന്നുമാണ് പോലീസ് പറയുന്നത്.