ന്യൂഡല്‍ഹി: കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി കര്‍ണാടകയിലെ 15 വിമത എംഎല്‍എമാര്‍ നല്കിയ രാജി സ്വീകരിക്കാത്തതിനെ തുടര്‍ന്നു സ്പീക്കര്‍ക്കെതിരേ നല്കിയ ഹര്‍ജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും. രാജി അംഗീകരിക്കാന്‍ സ്പീക്കര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് വിമത എംഎല്‍എമാര്‍ ഹരജി നല്‍കിയത്.
കേസില്‍ സ്പീക്കറുടെ അധികാരങ്ങളില്‍ കോടതിക്ക് ഏത് അളവുവരെ ഇടപെടാം എന്നതാവും പ്രധാനമായും കോടതി പരിശോധിക്കുക. എംഎല്‍എമാരുടെ രാജിക്കത്തുകളില്‍ ഒരു ദിവസത്തിനകം തീരുമാനം എടുക്കണം എന്ന് സുപ്രിംകോടതി നിര്‍ദേശം നേരത്തെ സ്പീക്കര്‍ തള്ളിയിരുന്നു. രാജിക്കത്തുകള്‍ വിശദമായ പരിശോധന നടത്തി തീരുമാനം എടുക്കാനുള്ള അധികാരമുണ്ടെന്നാണ് സ്പീക്കറുടെ നിലപാട്. അതിനാല്‍ നിശ്ചിത സമയത്തിനകം തീരുമാനമെടുക്കണമെന്ന് കോടതിക്ക് ഉത്തരവിടാനാവില്ലെന്നും സ്പീക്കര്‍ വാദിച്ചിരുന്നു.
ഇതോടെയാണ് കേസിലെ ഭരണഘടനാപരമായ വശങ്ങള് വിശദമായി പരിശോധിക്കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് തീരുമാനിച്ചത്.