ഇസ്ലാമാബാദ്: ബലാക്കോട്ട് അക്രമണത്തിന് ശേഷം നിലവില്‍ വന്ന ഇന്ത്യന്‍ വ്യോമപാത വിലക്ക് നീക്കി പാകിസ്ഥാന്. ഇന്ന് പുലര്‍ച്ചെ 12.45 ഓടെയാണ് പാകിസ്ഥാന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി എല്ലാത്തരം സിവില്‍ ട്രാഫിക്കുകള്‍ക്കും പാകിസ്ഥാന് വ്യോമപാത തുറന്നതായി അറിയിച്ചത്. ഫെബ്രുവരി 26 ന് ജെയ്ഷെ മുഹമ്മദ് ഭീകരവാദ ക്യാമ്പ് ഇന്ത്യന്‍ വ്യോമസേന തകര്‍ത്തതിന് പിന്നാലെയാണ് പാകിസ്ഥാന് വ്യോമപാത അടച്ചിട്ടത്.
ആഭ്യന്തര- വിദേശ വിമാന സര്‍വ്വീസുകള്‍ പൂര്‍ണ്ണമായി റദ്ദാക്കിയിരുന്നു. പിന്നീട് മാര്‍ച്ച് 27 ന് ഇന്ത്യ ഒഴികെയുള്ള രാജ്യങ്ങളുമായുള്ള വ്യോമപാതകള്‍ പാകിസ്ഥാന് തുറന്ന് നല്‍കിയിരുന്നു. എന്നാല്‍ ഇന്ത്യ വീണ്ടും അക്രമിച്ചേക്കുമെന്ന ഭയം കാരണം ഇന്ത്യയുമായുള്ള വ്യോമപാത നിരോധനം ആദ്യം മെയ് 15 വരെയും , പിന്നീട് മൂന്ന് തവണയും നീട്ടി.
തെരഞ്ഞെടുപ്പ് ഫലം വന്ന് കഴിഞ്ഞ് മെയ് 30 ന് വ്യോമപാതകള്‍ തുറക്കുമെന്നായിരുന്നു ആദ്യം പാകിസ്ഥാന് അറിയിച്ചിരുന്നത്. എന്നാല്‍ ഇന്ത്യയില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ രണ്ടാമതും അധികാരത്തിലേറിയതോടെ പാകിസ്ഥാന് ജൂണ്‍ 14 വരെ വീണ്ടും വ്യോമപാതകള്‍ അടച്ചു. കിര്‍ഗിസ്ഥാനില്‍ നടന്ന ഷാങ്ഹായ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് പ്രത്യേക വ്യോമ പാത തുറക്കുമെന്ന് പാകിസ്ഥാന് അറിയിച്ചിരുന്നു. എന്നാല്‍ ഇന്ത്യ അത് നിരസിക്കുകയായിരുന്നു.
ഇന്ത്യയുമായുള്ള 11 വ്യോമ പാതകളാണ് പാകിസ്ഥാന് അടച്ചിട്ടിരുന്നത്. വ്യോമപാത അടച്ചിട്ടതോടെ പാകിസ്ഥാന് വന്‍ നഷ്ടമാണുണ്ടായത്.