ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിന് ഒരു കോടി രൂപ സംഭാവന നല്കി റിട്ടയേഡ് വ്യോമസേന ഉദ്യോഗസ്ഥന്. 74 വയസുകാരനായ സിബിആര്‍ പ്രസാദാണ് തന്റെ ജീവിതത്തിലെ സമ്പാദ്യത്തിന്റെ ഭൂരിഭാഗവും പ്രതിരോധ വകുപ്പിന് സംഭാവന നല്‍കിയത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനാണ് അദ്ദേഹം തുക കൈമാറിയത്.
ഒന്‍പത് വര്‍ഷമാണ് അദ്ദേഹം സൈന്യത്തില്‍ സേവനം അനുഷ്ഠിച്ചത്. റെയില്‍വെയില്‍ മറ്റൊരു ജോലിക്കുള്ള അവസരം കിട്ടിയപ്പോള്‍ സൈന്യത്തില്‍ നിന്നും താന്‍ വിരമിക്കുകയായിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ തനിക്ക് ആ ജോലി ലഭിച്ചില്ലെന്നും പിന്നീട് താന്‍ ഒരു പൗള്‍ട്രി ഫാം ആരംഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സൈന്യത്തിനായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തിലാണ് തന്റെ സമ്പാദ്യം പ്രതിരോധ വകുപ്പിന് നല്കാന് തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
തന്റെ സമ്പാദ്യത്തിന്റെ 2 ശതമാനം മകള്‍ക്കും 1 ശതമാനം ഭാര്യയ്ക്കും നല്കിയ അദ്ദേഹം സമ്പാദ്യത്തിന്റെ 97 ശതമാനവും സമൂഹത്തിന് നല്കി. സാധാരണ സൈനികന് ആയ ഒരാള്‍ രാജ്യത്തിനായി തന്റെ സമ്പാദ്യത്തിന്റെ ഭൂരിഭാഗവും നല്‍കിയതില്‍ സന്തോഷമുണ്ടെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു.