റാഞ്ചി : മാതാപിതാക്കള്‍ തമ്മിലുള്ള നിരന്തരമായ വഴക്കിനെ തുടര്‍ന്ന് ജീവിതമവസാനിപ്പിക്കാനൊരുങ്ങി 15 വയസ്സുകാരന്. ജീവനൊടുക്കാനുള്ള അനുമതി തേടി ജാര്‍ഖണ്ഡ് സ്വദേശിയായ കുട്ടി രാഷ്ട്രപതിക്ക് കത്തയച്ചു. ഭഗല്‍പൂര്‍ ജില്ലാ ഭരണാധികാരികളാണ് കത്തിനെക്കുറിച്ച് വെളിപ്പെടുത്തിയത്. ഉടന്‍ തന്നെ ഇവര്‍ വിവരം പ്രധാനമന്ത്രിയുടെ ഓഫീസില്‍ അറിയിച്ചു. വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അടിയന്തരമായി നടപടി ആവശ്യപ്പെട്ടു. കത്ത് രണ്ട് മാസം മുമ്പ് അയച്ചതാണെന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.
മുത്തച്ഛനൊപ്പം കുറച്ചുകാലം നിന്ന കുട്ടി ഇപ്പോള്‍ അച്ഛനൊപ്പമാണ് താമസം .കുട്ടിയുടെ അച്ഛന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനും അമ്മ ബാങ്ക് ജീവനക്കാരിയുമാണ്. വിവാഹേതര ബന്ധത്തിന്റെ പേരില്‍ ഇരുവരും കോടതിയില്‍ കേസ് നല്‍കിയിട്ടുണ്ടെന്നും കുട്ടി പറഞ്ഞു.
അച്ഛനമ്മമാര്‍ തമ്മിലുള്ള നിരന്തരമായ വഴക്ക് തന്റെ പഠനത്തെ ബാധിക്കുന്നതായും കത്തില്‍ പറയുന്നു. അമ്മയുടെ പേരില്‍ സാമൂഹ്യ വിരുദ്ധര്‍ അച്ഛനെ ഉപദ്രവിക്കുന്നുണ്ടെന്നും ഇങ്ങനെ ജീവിക്കാന്‍ താല്പര്യമില്ലെന്നും കുട്ടി കത്തില്‍ വ്യക്തമാക്കി.