തൃശൂര്‍: രാമായണ മാസാരംഭമായ ഇന്ന് നാലമ്പല തീര്‍ത്ഥടനത്തിനു തുടക്കമായി. ശ്രീരാമന്, ലക്ഷ്മണന്, ശത്രുഘ്നന്‍, ഭരതന് എന്നിവരുടെ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളില്‍ ഒരു ദിവസം തന്നെ ദര്‍ശനം നടത്തുന്നതാണ് നാലമ്പലദര്‍ശനം. രാമായണ മാസത്തില്‍ ഈ ദര്‍ശനം പുണ്യം പകരുമെന്നാണ് വിശ്വാസം.
തൃപ്രയാറില്‍ ശ്രീരാമന്, ഇരിങ്ങാലക്കുടയില്‍ ഭരതന്, മൂഴക്കുളത്ത് ലക്ഷ്മണന്, ഒടുവില്‍ പായമ്മലില്‍ ശത്രുഘ്നന്‍, നാലിടത്തും ഒരു ദിവസം തന്നെ ദര്‍ശനം നടത്തിയാല്‍ പുണ്യം ലഭിക്കുമെന്നാണ് വിശ്വാസം. സ്ഥാനികളായ വായ്ക്കയില് കൈമള്‍ക്ക് പുഴയില്‍ നിന്നും ലഭിച്ച വിഗ്രഹങ്ങള്‍ നാലിടത്തായി പ്രതിഷ്ഠിച്ചുവെന്നാണ് ഐതീഹ്യം.
തൃപ്രയാര്‍ ക്ഷേത്രത്തില്‍ നിര്‍മ്മാല്യം തൊഴുതശേഷം ഉഷപൂജയ്ക്കു മുന്‍പ്, ഇരിങ്ങാലക്കുടയിലെത്തണം. ശേഷം ഉച്ചയ്ക്ക് മുന്‍പെ മൂഴിക്കുളത്തും പായമ്മലും ദര്‍ശനം പൂര്‍ത്തിയാക്കി തിരികെ തൃപ്രയാറില്‍ മടങ്ങിയെത്തുന്നതാണ് നാലമ്പല ദര്‍ശനത്തിന്റെ രീതി.
വന്‍ ഭക്തജനത്തിരക്കാണ് ക്ഷേത്രങ്ങളില്‍ ഇന്ന് അനുഭവപ്പെട്ടത്. ഭക്ത ജനങ്ങള്‍ക്ക് നാലമ്പല ദര്‍ശനത്തിനായുള്ള എല്ലാ സൗകര്യങ്ങളും ക്ഷേത്രങ്ങളില്‍ ഒരുക്കിയിട്ടുണ്ടായിരുന്നു. രാമായണ മാസത്തോടനുബന്ധിച്ച് ശക്തമായ സുരക്ഷയാണ് ക്ഷേത്രത്തില്‍ ഒരുക്കിയിട്ടുള്ളത്.