ശ്രീനഗര്‍: സോപോറിലെ ഗുന്ദ്ബ്രാത് മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ ലഷ്കര്‍ ഇ തൊയ്ബ ഭീകരനെ സുരക്ഷാ സേന വധിച്ചു. ജമ്മുകശ്മീര്‍ പോലീസും സുരക്ഷാ സേനയും സംയുക്തമായി നടത്തിയ പരിശോധനക്കിടെയാണ് ഏറ്റുമുട്ടലുണ്ടായത്.
അറംപോര സ്വദേശി അദ്നാന് അലി ചിന്നയേയാണ് വധിച്ചതെന്ന് പോലീസ് അറിയിച്ചു. ഭീകരനേക്കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഇയാളാണ് സോപോര്‍, ബരാമുള്ള മേഖലകളില്‍ ആക്രമണം നടത്തുകയും ആളുകളെ ഭീകര സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുകയും ചെയ്യുന്നതിന് നേതൃത്വം നല്‍കിയിരുന്നത്.
നേരത്തെ, സോപോറില്‍ ഇന്ന് രാവിലെയുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചിരുന്നു. വടക്കന്‍ ബരാമുള്ള മേഖലയിലാണ് ഇന്ന് രാവിലെ ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിനു ശേഷം പ്രദേശത്ത് പോലീസ് നടത്തിയ പരിശോധനയില്‍ ആയുധങ്ങളും മറ്റ് യുദ്ധോപകരണങ്ങളും കണ്ടെത്തിയിരുന്നു.
ഭീകരരേക്കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ സേന നടത്തിയ തെരച്ചിലിനിടെയാണ് രാവിലെ ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്.