തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ ഒന്നാം പ്രതിയും എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റുമായിരുന്ന ശിവരഞ്ജിത്തിനെതിരെ പുതിയ രണ്ട് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. ഉത്തരക്കടലാസ് മോഷ്ടിച്ചതിനും വ്യാജ സീല്‍ നിര്‍മ്മിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്.
നേരത്തെ ശിവരഞ്ജിത്തിന്റെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ സര്‍വകലാശാല പരീക്ഷ എഴുതാനുളള പേപ്പറും കോളേജിലെ സീലും കണ്ടെത്തിയിരുന്നു. ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ സീലാണ് പരിശോധനില്‍ ലഭിച്ചത്.
അതിനിടെ പിഎസ്സിയുടെ പോലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റില്‍ ശിവരഞ്ജിത്ത് ഒന്നാം സ്ഥാനത്തെത്തിയതില്‍ അട്ടിമറി നടന്നിട്ടുണ്ടെന്ന ആരോപണവും ശക്തമാണ്. എന്നാല്‍ 55 ഉത്തരങ്ങള്‍ ശരിയാണെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് എഴുതിയെന്നും ബാക്കിയുള്ളവ ഊഹിച്ച് എഴുതിയതാണെന്നുമാണ് ശിവരഞ്ജിത്ത് മൊഴി നല്‍കിയിരിക്കുന്നത്.