ബാംഗ്ലൂര്‍: കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യസര്‍ക്കാരിന്റെ ഭാവി നിശ്ചയിക്കുന്ന വിശ്വാസ വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ റിസോര്‍ട്ടില്‍ താമസിച്ചിരുന്ന ഒരു എംഎല്‍എയെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് എംഎല്‍എ ശ്രീമന്ത് ബാലസാഹേബ് പാട്ടീലിനെയാണ് റിസോര്‍ട്ടില്‍ നിന്ന് കാണാതായത്. ബുധനാഴ്ച രാത്രി എട്ടു മണി മുതല്‍ ഇയാളെ റിസോര്‍ട്ടില്‍ നിന്ന് കാണാനില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വന്നത്.
പാട്ടീലിനായി വിമാനത്താവളങ്ങളിലടക്കം തിരച്ചില്‍ നടത്തി വരികയാണ്. ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയും ഉപമുഖ്യമന്ത്രി ജി.പരമേശ്വരയും കോണ്‍ഗ്രസ് എംഎല്‍എമാരുമായി ഇവര്‍ താമസിപ്പിച്ചിരുന്ന റിസോര്‍ട്ടില്‍ വച്ച് ബുധനാഴ്ച രാത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനിടയിലാണ് എംഎല്‍എയെ കാണാതായത്.
എന്നാല്‍ എംഎല്‍എയെ കാണാതായെന്ന റിപ്പോര്‍ട്ട് കോണ്‍ഗ്രസ് നിഷേധിച്ചു. ശ്രീമന്ത് പാട്ടീല്‍ ആശുപത്രിയില്‍ ചികിത്സക്ക് പോയതാണെന്നാണ് കെപിസിസിയുടെ വിശദീകരണം.
ഇന്ന് രാവിലെ 11 മണിക്കാണ് വിശ്വാസ വോട്ടെടുപ്പ് നടത്തുക. ഭൂരിപക്ഷം ഇല്ലാത്ത സര്‍ക്കാര്‍ സഭയില്‍ എന്ത് അത്ഭുതം കാണിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അതേസമയം ഭൂരിപക്ഷം നഷ്ടപ്പെട്ട കോണ്‍ഗ്രസ് ജെഡിഎസ് സഖ്യ സര്‍ക്കാര്‍ ഏത് വിധേനെയും അധികാരം നിലനിര്‍ത്താനുള്ള തീവ്രശ്രമം ഇപ്പോഴും തുടരുകയാണ്.