കൊല്‍ക്കത്ത: ഹിന്ദു പരിപാടിയില്‍ പങ്കെടുത്ത മുസ്ലിം വനിതക്കെതിരെ ഭീഷണി. ഇസ്രത്ത് ജഹാന് എന്ന മുസ്ലിം യുവതിക്കാണ് ഇത്തരമൊരു ദുരനുഭവം ഉണ്ടായത്. താമസിക്കുന്ന വാടക വീട്ടില്‍ നിന്നും ഒഴിഞ്ഞ് പോകാനും സ്വന്തം സമുദായക്കാര്‍ ആവശ്യപ്പെട്ടതായി യുവതി ആരോപിക്കുന്നു. ഹനുമാന് ചാലിസയില്‍ പങ്കെടുത്തതിനാണ് ഇസ്രത്തിനെ വീട്ടില്‍ നിന്നും പുറത്താക്കാന്‍ സമുദായക്കാര്‍ തീരുമാനിച്ചത്.
മുസ്ലിം യുവതിയായ ഒരാള്‍ എന്തിനാണ് ഇത്തരമൊരു പരിപാടിയില്‍ പങ്കെടുത്തത് എന്ന് ചോദിച്ച്കൊണ്ട് നൂറിലധികം പേര് തന്റെ വീട്ട് മുറ്റത്ത് തടിച്ച് കൂടിയിരുന്നു. വാടക വീട് ഒഴിയണമെന്നായിരുന്നു എല്ലാവരുടേയും ആവശ്യം. വീട് ഒഴിയാന്‍ തയ്യാറായില്ലെങ്കില്‍ എല്ലാവരും ചേര്‍ന്ന് ബലപ്രയോഗത്തിലൂടെ തന്നെ വീട്ടില്‍ നിന്നും പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞു.
മകനോടൊപ്പം തനിച്ചാണ് കഴിയുന്നതെന്നും തനിക്ക് വധ ഭീഷണിയുണ്ടെന്നും അതിനാല്‍ സംരക്ഷണം വേണമെന്നുമാവശ്യപ്പെട്ട് യുവതി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഏത് നിമിഷവും തനിക്ക് എന്തും സംഭവിക്കാമെന്നും യുവതി പറയുന്നു.
സംഭവത്തില്‍ ഹൗറത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച് കഴിഞ്ഞു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഹൗറത്ത് എ സി പി അറിയിച്ചു. മുത്വലാഖിനെതിരെ ഹര്‍ജി ഫയല്‍ ചെയ്ത മുസ്ലീം യുവതികളില്‍ ഒരാളാണ് ഇസ്രത്ത്.