ഗാന്ധിനഗര്‍: ഗുജറാത്തിലെ മുന്‍ കോണ്‍ഗ്രസ് എം.എല്‍.എമാരായ അല്‍പേഷ് ഠാക്കൂറും സുഹൃത്ത് ധവാല്‍സിംഗ് സാലയും ബി.ജെ.പിയില്‍. ഗുജറാത്ത് ബി.ജെ.പി ആസ്ഥാനത്തു നടന്ന ചടങ്ങിലാണ് ഇരുവരും അംഗത്വം സ്വീകരിച്ചത്.
ഗുജറാത്ത് ക്ഷത്രിയ ഠാക്കൂര്‍ സേനയുടെ സ്ഥാപകനാണ് അല്‍പേഷ് ഠാക്കൂര്‍. ഒ.ബി.സി, എസ്.സി , എസ്.ടി ഏകതാ മഞ്ച് രൂപീകരിച്ചഠാക്കൂര് സംവരണത്തിനു വേണ്ടി നടത്തിയ പ്രക്ഷോഭങ്ങള്‍ ശ്രദ്ധേയമായിരുന്നു.
2017 ലാണ് അല്‍പേഷിനെ രാഹുല്‍ ഗാന്ധിയുടെ പ്രത്യേക താല്പര്യത്തില് കോണ്‍ഗ്രസില്‍ എത്തുന്നത്. ബീഹാര്‍ ഇന്‍ചാര്‍ജ് ചുമതലയുണ്ടായിരുന്ന അല്‍പേഷ് ഗുജറാത്തിന്റെ ചുമതല ആവശ്യപ്പെട്ട് സംസ്ഥാന നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തു വന്നിരുന്നു.
എന്നാല്‍ തന്റെ അനുയായികളെ ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ വഞ്ചിച്ചുവെന്നും സംസ്ഥാനത്തെ നേതൃത്വം ദുര്‍ബലമാണെന്നും അദ്ദേഹം ആരോപിച്ചു.
പാര്‍ട്ടിയുടെ വഞ്ചനയിലും അപമാനത്തിലും പ്രതിഷേധിച്ചാണ് ഠാക്കൂര്‍ കോണ്‍ഗ്രസ് അംഗത്വം രാജിവെച്ചത്.