കോഴിക്കോട്: മദേഴ്സ് ക്ലിനിക്കിന്റെ ഫ്രാഞ്ചൈസി (ഒരു കമ്പനിയുടെ സേവനവില്പന അധികാരങ്ങള്‍ ഒരു വ്യക്തിക്ക് കൂടി നല്‍കുക) വാഗ്ദാനം നല്കി സംസ്ഥാനത്തുടനീളം കോടികളുടെ തട്ടിപ്പു നടത്തിയതായി ആരോപണം. കോഴിക്കോട് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് കോടികളുടെ തട്ടിപ്പ് നടത്തിയതായി പരാതി ലഭിച്ചത്. പ്രവാസികളും ജോലിയില്‍ നിന്നും വിരമിച്ചവരുമുള്പ്പെടെ നിരവധിപ്പേര്‍ പരാതിയുമായി എത്തിയതോടെയാണ് തട്ടിപ്പ് പുറംലോകമറിയുന്നത്.
ക്ലിനിക്ക് തുടങ്ങാനായി അഞ്ചുലക്ഷം രൂപയും സ്ഥലവും നല്കിയാല് ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും സേവനവും ആവശ്യമായ ഉപകരണങ്ങളും നല്‍കാമെന്നായിരുന്നു വാഗ്ദാനം. 49 രൂപയ്ക്ക് ഡോക്ടര്‍ രോഗികളെ പരിചരിക്കുമെന്നും മരുന്നുകള്‍ക്ക് 60 ശതമാനം വരെ വിലകുറച്ചു നല്‍കാമെന്നും നിക്ഷേപകരോടു പറഞ്ഞു. ക്ലിനിക്കിന്റെ ലാഭത്തിന്റെ 20 ശതമാനം എല്ലാ മാസവും നല്‍കാമെന്നും ഇതുവഴി പ്രതിമാസം ഒരു ലക്ഷം വരെ വരുമാനം നേടാമെന്നും സ്ഥാപനം വാക്കു നല്‍കിയിരുന്നു.
മലബാറില്‍ മാത്രം ഇങ്ങനെ 160ലധികം ക്ലിനിക്കുകളാണ് ആരംഭിച്ചത്. എന്നാല്‍ നിക്ഷേപകരില്‍ നിന്നു പണം വാങ്ങിയ ശേഷം ക്ലിനിക്കുകളിലേക്ക് സ്ഥാപനം ഡോക്ടര്‍മാരെയും ജീവനക്കാരെയും നല്‍കിയില്ല. ഒരു വര്‍ഷമായി മിക്ക ക്ലിനിക്കുകളും പൂട്ടികിടക്കുകയാണ്.
നിക്ഷേപകര്‍ക്ക് വാഗ്ദാനം ചെയ്ത പണവും ഇതുവരെ നല്‍കിയിട്ടില്ല. പലര്‍ക്കും ചെക്ക് നല്‍കിയെങ്കിലും പണം ലഭിച്ചില്ലെന്നും പരാതിക്കാര്‍ പറയുന്നു. സംഭവം തട്ടിപ്പാണെന്നു മനസ്സിലായതോടെ പണം തിരകെ നല്കാന് ആവശ്യപ്പെട്ടപ്പോള്‍ ഗുണ്ടകളെ വിട്ടു ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. ജില്ലാ പോലീസ് മേധാവിക്കും കലക്ടര്‍ക്കും നിക്ഷേപകര്‍ പരാതി നല്‍കിയിട്ടുണ്ട്.