പാലക്കാട് : ഒറ്റപ്പാലം നഗരസഭാ മോഷണക്കേസിലെ പ്രതിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുജാതയെയാണ് സിപിഎം ജില്ലാകമ്മിറ്റി പുറത്താക്കിയത്.
കഴിഞ്ഞമാസം 20 നാണ് നഗരസഭാ സ്ഥിരംസമിതി അധ്യക്ഷയും സിപിഎം കൗണ്‍സിലറുമായ ലതയുടെ ബാഗില്‍ നിന്നും 38000 രൂപ മോഷണം പോയത്. തുര്‍ന്ന് നടത്തിയ പോലീസ് അന്വേഷണത്തിലാണ് പ്രതി സുജാതയെന്ന് തെളിഞ്ഞത് . വിരലടയാള പരിശോധനയ്ക്ക് ശേഷം നുണ പരിശോധനയ്ക്ക് ഒരുങ്ങുമ്പോഴാണ് പ്രതിയെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചത്.
സി പി എം കൗണ്‍സിലറായ സുജാതക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇതോടെ പ്രതിരോധത്തിലാകുമെന്നറിഞ്ഞ സി പി എം നേതൃത്വം സുജാതയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ഇതിനിടെ പ്രതിയായ കൗണ്‍സിലറും മോഷണത്തിനിരയായ സ്ഥിരം സമിതി അധ്യക്ഷയും ഒരേ പാര്‍ട്ടിയായതിനാല്‍ കേസ് ഒത്തുതീര്‍ക്കാനും ശ്രമം നടന്നു.
അതേസമയം പണം മോഷണം പോയെന്ന പരാതിയുമായി ബിജെപി കൗണ്‍സിലറും, പണവും സ്വര്‍ണ്ണാഭരണങ്ങളും മോഷ്ടിക്കപ്പെട്ടെന്ന പരാതിയുമായി നഗരസഭാ ഉദ്യോഗസ്ഥരും പോലീസിനെ സമീപിച്ചു. കഴിഞ്ഞ മാസങ്ങളില്‍ ഒരു ലക്ഷത്തി മുപ്പതിനായിരം രൂപയുടെ മോഷണം നടന്നതായാണ് പരാതി.