ന്യൂഡല്‍ഹി:കുട്ടികള്‍ക്ക് നേരെ നടക്കുന്ന സൈബര്‍ക്രൈം അടക്കം എല്ലാത്തരം അക്രമങ്ങള്‍ക്കും ഉത്തരവാദി അതാത് സംസ്ഥാനസര്ക്കാറുകളാണെന്ന് കേന്ദ്ര വനിതാശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി പറഞ്ഞു. ഈ വിഷയത്തില്‍ പോലീസും പൊതുസംവിധാനങ്ങളും സംസ്ഥാന സര്‍ക്കാറുകളുടെ കീഴിലായതുകൊണ്ടാണ് സര്ക്കാറുകളുടെമേല് ചുമതല വര്‍ധിക്കുന്നതെന്ന് വ്യക്തമാക്കി. കുട്ടികള്‍ക്ക് നേരെ നടക്കുന്ന എല്ലാത്തരം ചൂഷണങ്ങളടക്കം മുഴുവന്‍ കാര്യങ്ങളേയും നിയന്ത്രിക്കാന്‍,കണ്ടെത്താന്‍,അന്വേഷിക്കാന്‍,കുറ്റകൃത്യങ്ങള്‍ക്ക് വേണ്ട നടപടി എടുക്കാനടക്കമുള്ള പ്രാഥമിക ചുമതല സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്ക്കുമാണെന്ന് രാജ്യസഭയില്‍ എഴുതിതയ്യാറാക്കിയ മറുപടിയില്‍ കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.
സൈബര്‍കുറ്റങ്ങള്‍ നിയന്ത്രിക്കാന്‍ പര്യാപ്തമായ നിയമങ്ങള്‍ പ്രത്യേകിച്ച് വിവരസാങ്കേതിക വകുപ്പിന്റെ കീഴില്‍ ഉണ്ടാകണമെന്നും മന്ത്രി സൂചിപ്പിച്ചു.സ്ത്രീകള്‍ക്ക് നേരെയുള്ള എല്ലാത്തരം സൈബര്കുറ്റങ്ങള്ക്കും സൈബര്അധിക്ഷേപങ്ങള്ക്കും എതിരായ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പുകളാണ് 354ഏ, 354ഡി എന്നിവയെന്നും സ്മൃതി ഇറാനി ഓര്‍മ്മപ്പെടുത്തി.
ആഭ്യന്തരവകുപ്പടക്കം ശ്രദ്ധിക്കുന്ന സൈബര്‍കുറ്റങ്ങള്‍ അറിയിക്കാന്‍ (www.cybercrime.gov.in) എന്ന സൈറ്റും (@ CyberDost) എന്ന ട്വിറ്റര്‍ ഹാന്റിലും നിലവില്‍ ലഭ്യമാക്കിയ വിവരം കേന്ദ്രമന്ത്രി സഭയ്ക്ക് മുന്നില്‍ വച്ചു. ഇതുകൂടാതെ ശിശുലൈംഗികത, കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ എന്നിവ കാണിക്കുന്ന സൈറ്റുകള്‍ നിലവില്‍ ബ്ലോക്കുചെയ്തതായും മന്ത്രി പറഞ്ഞു.