പത്തനംതിട്ട: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. കനത്ത മഴയെ തുടർന്ന് പമ്പാ നദിയിൽ ജലനിരപ്പ് ഉയർന്നു. ഇതിനെ തുടർന്ന് ശബരിമല തീർത്ഥാടകർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ചെറിയപാലം വഴി തീർത്ഥാടകർ ശബരിമലയിലേക്ക് പോകുന്നത് പോലീസ് തടഞ്ഞു.
അതേസമയം, സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ശനിയാഴ്ച ഇടുക്കിയിലും ഞായറാഴ്ച കണ്ണൂരിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 204 മില്ലീമീറ്ററിൽ കൂടുതൽ മഴയാണ് ഈ ദിവസങ്ങളിൽ പ്രതീക്ഷിക്കുന്നത്.
ഇതിന് പുറമെ വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. വെള്ളിയാഴ്ച തിരുവന്തപുരം, കൊല്ലം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്,കണ്ണൂർ കാസർകോട് ജില്ലകളിലും ജൂലൈ 20 ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്,കണ്ണൂർ ജില്ലകളിലും ജൂലൈ 21 ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിലും ജൂലൈ 22 ന് ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലുമാണ് ഓറഞ്ച് അലേർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
ഇതിന് പുറമെ ഇന്നും നാളെയും കേരള, ലക്ഷദ്വീപ് തീരങ്ങളിൽ വടക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനിടയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.