കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട് നഗരത്തില്‍ ദേശീയ പാതയില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. മഴ തുടരുന്നതിനാല്‍ ജില്ലയിലെ മലയോര മേഖല ഉരുള്‍പൊട്ടല്‍ ഭീഷണിയിലാണ്. നല്ലളം മേഖലയില്‍ നിന്ന് പത്തോളം കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു.
മണിക്കൂറുകളോളം നീണ്ട കനത്ത മഴയില്‍ കോഴിക്കോട് പുതിയ സ്റ്റാന്‍ഡ്, സ്റ്റേഡിയം ജംഗ്ഷന് പ്രദേശങ്ങളില്‍ വെള്ളം കയറി ഏറെ നേരം ഗതാഗതം തടസ്സപെട്ടു. കൂടാതെ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയിട്ടുണ്ട്. പേരാമ്പ്രയില്‍ ഉരുള്‍പൊട്ടി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. മഴ തുടരുന്നതിനാല്‍ പേരാമ്പ്ര, കുറ്റ്യാടി, താമരശ്ശേരി തുടങ്ങിയ മലയോരമേഖലകളില്‍ ഉരുള്‍ പൊട്ടലിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കാനും ആവശ്യമെങ്കില്‍ ജനങ്ങളെ മാറ്റി താമസിപ്പിക്കാനും ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്കി.
കൂടാതെ കടല്‍ക്ഷോഭം ശക്തമായതിനാല്‍ തീരപ്രദേശത്തും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചാലിയാര്‍ അടക്കമുള്ള പുഴകളില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. അപകട സാധ്യത കണക്കിലെടുത്ത് നല്ലളം മേഖലയില്‍ നിന്ന് പത്തോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചുവരുകയാണെന്നും ജനങ്ങള്‍ അധികൃതര്‍ നല്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും ആവശ്യമെങ്കില്‍ താല്‍ക്കാലിക ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.