തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാല്‍ ഹയര്‍ സെക്കണ്ടറി ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ മാറ്റി വെച്ചു. ജൂലൈ 22, 23 തീയതികളില്‍ നടക്കാനിരുന്ന പരീക്ഷകളാണ് മാറ്റി വെച്ചത്. ജൂലൈ 22 ന് നടക്കേണ്ട പരീക്ഷ 30 ലേക്കും 23 ന് നടക്കേണ്ട പരീക്ഷ ഓഗസ്റ്റ് ഒന്നിലേക്കുമാണ് മാറ്റി വെച്ചത്.
കനത്ത മഴ തുടരുന്നതിനാല്‍ കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇന്നലെ രാത്രി മുതല്‍ തുടങ്ങിയ മഴ ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഇന്ന് മുതല്‍ ചൊവാഴ്ച്ച വരെ റെഡ്, ഓറഞ്ച് അലര്‍ട്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
ശക്തമായ മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതിനാല്‍ കല്ലാര്‍കുടി, പാംബ്ല, മലങ്കര ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പെരിയാറിന്റേയും മൂവാറ്റുപുഴയാറിന്റേയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.