തിരുവനന്തപുരം: പരീക്ഷാതട്ടിപ്പും ഉത്തരക്കടലാസ് ചോര്‍ച്ചയും അധ്യാപകരുടെ വഴിവിട്ട ഒത്താശകളും മുഖമുദ്രയാക്കിയ യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് പി എസ് സി പരീക്ഷാ കേന്ദ്രങ്ങള്‍ മാറ്റി. അക്രമ അന്തരീക്ഷം നിലനില്‍ക്കുന്ന കലാലയ അന്തരീക്ഷത്തിന്റെയും കുത്തഴിഞ്ഞ കോളേജ് ഭരണവും പുറത്തുവന്നതോടെയാണ് മുഖം രക്ഷിക്കാന്‍ പി എസ് സി പരീക്ഷകളെല്ലാം മാറ്റിയത്.
ഇന്ന് നടക്കാനിരിക്കുന്ന കേരള സ്റ്റേറ്റ് ഹൗസിംഗ് ബോര്‍ഡ് അസിസ്റ്റന്റ് ഗ്രേഡ് 2 (നേരിട്ടും തസ്തികമാറ്റം മുഖേനയും) ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെ ക്രമീകരിച്ച 1,2,3 പരീക്ഷാ കേന്ദ്രം(രജി. നമ്പര്‍ 111301-112200)തിരുവനന്തപുരം കണ്ണമൂലയിലെ ജോണ്‍കോക്സ് സിഎസ്ഐ ഇന്‍സ്ററിറ്റിയൂട്ട് ഓഫ് ടെക്നോളജി എഞ്ചിനീയറിംഗ് കോളേജിലേയ്ക്കു മാറ്റി( ഫോണ്‍-9400368710, 7012448087).നാലാം സെന്ററിലെ (രജി. നമ്പര്‍ 112201-112500) പരീക്ഷാര്‍ത്ഥികള്‍ പേട്ടയിലുള്ള ഗവ.ബോയ്സ് ഹയര്‍ സെക്കന്ററി സ്ക്കൂളിലും
പരീക്ഷ എഴുതണമെന്നും പി എസ് സി അറിയിച്ചു.
കൊലപാതക ശ്രമവും, രാഷ്ട്രീയ കുതന്ത്രങ്ങളും ഗുണ്ടായിസവും കാരണം ക്യാമ്പസ് അന്തരീക്ഷം കലുഷിതമായതും പൊതുവെ പരീക്ഷാ നടത്തിപ്പിന് ഗുണകരമാകില്ല എന്നതും സെന്റര്‍ മാറ്റത്തിന് മറ്റൊരു കാരണമായി ചൂണ്ടികാട്ടപ്പെടുന്നു.യൂണിവേഴ്സിറ്റി പരീക്ഷ നടത്തുന്നതിലെ വീഴ്ചകള്‍ക്കൊപ്പം കൊലപാതക കേസ്സില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ക്ക് ബന്ധമുള്ള കേന്ദ്രമെന്ന നിലയില്‍ കോളേജിലെ അറ്റന്റര്‍മാര്‍ വരെ വിവിധ പരീക്ഷ നടത്തിപ്പിന്റെ സ്ഥിരം ചുമതലകള്‍ പലപ്പോഴും അനധികൃതമായി വഹിച്ചതായി കണ്ടത്തിയിരുന്നു.