തിരുവനന്തപുരം : കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തി. വിഴിഞ്ഞത്ത് നിന്ന് കാണാതായ നാല് മത്സ്യത്തൊഴിലാളികളെയാണ് കണ്ടെത്തിയത്. ഇവരെ തീരത്തേക്ക് എത്തിച്ചു. ഉൾക്കടലിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്.അവശരായ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിഴിഞ്ഞത്തു നിന്നും ബുധനാഴ്ച്ച മീൻപിടിക്കാൻ പോയ നാലു പേരെയാണ് കാണാതായത്. വ്യാഴാഴ്ച്ച തിരിച്ചെത്തേണ്ട ഇവർ ശനിയാഴ്ച്ചയായിട്ടും തിരിച്ചെത്താഞ്ഞതാണ് ആശങ്കയുണ്ടാക്കിയത്. സർക്കാർ സംവിധാനങ്ങൾക്കെതിരെ പ്രതിഷേധമുയരുന്നതിനിടെ പത്തോളം വള്ളങ്ങളിൽ മത്സ്യത്തൊഴിലാളികൾ ഇവരെ തിരഞ്ഞ് കടലിൽ പോയിരുന്നു.
സംസ്ഥാനത്ത് പലയിടത്തും കനത്തമഴയും കടൽ ക്ഷോഭവും രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. ഇത് അവഗണിച്ചാണ് പലരും കടലിൽ പോകുന്നതെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ വ്യക്തമാക്കി. സർക്കാർ സാദ്ധ്യമായ എല്ലാ സംവിധാനങ്ങളും ഉപയോഗിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.